ഒന്‍പത് വര്‍ഷത്തിന് ശേഷം: തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകള്‍ എത്തുന്നു. ഗുജറാത്തിലെ വന്‍താരയില്‍ നിന്നുള്ള മൂന്നും അഞ്ചും വയസുള്ള സീബ്രകളെയാണ് എത്തിക്കുന്നത്
തിരുവനന്തപുരം: മൃഗശാലയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു.
ഗുജറാത്തിലെ ഗ്രീന്‍സ് വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ (വന്‍താര) നിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു.
ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്ര എത്തുന്നത്.
2002 ഏപ്രിലില്‍ ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്ന് എത്തിച്ച സീത എന്ന സീബ്ര 2017-ല്‍ പ്രായാധിക്യം മൂലം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയില്‍ സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്.
ഗുജറാത്തിലെ വന്‍താരയില്‍ നിന്നുള്ള മൂന്നും അഞ്ചും വയസുള്ള സീബ്രകളെയാണ് എത്തിക്കുന്നത്.
മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ ഇവയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. പ്രത്യേകം തയാറാക്കിയ അനിമല്‍ ആംബുലന്‍സില്‍ റോഡുമാര്‍ഗമാണ് സീബ്രകളെ തിരുവനന്തപുരത്ത് എത്തിക്കുന്നത്.
ഏകദേശം മൂന്ന് ദിവസം നീളുന്ന യാത്രയില്‍ വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘം ഇവയെ അനുഗമിക്കും.
സീബ്രകളെ കൊണ്ടുവരുന്നതിന് പകരമായി തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഒരു ആണ്‍ സിംഹവാലന്‍ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വന്‍താരയിലേക്ക് നല്‍കും.
വര്‍ഷങ്ങള്‍ക്കുശേഷം സീബ്രകളെ വീണ്ടും മൃഗശാലയിലെത്തിക്കാന്‍ കഴിയുന്നത് ഏറെ സന്തോഷകരമാണെന്നും, ഓണത്തോടനുബന്ധിച്ച് സീബ്രകളുടെ സാന്നിധ്യം സന്ദര്‍ശകര്‍ക്ക് പ്രത്യേക വിരുന്നാകുമെന്നും മൃഗശാല ഡയറക്ടര്‍ മഞ്ജുളാദേവി പറഞ്ഞു.
മൃഗശാല സൂപ്രണ്ട് ടി. വി. അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ നടക്കുന്നത്. ഓണാവധിയില്‍ തന്നെ സീബ്രകളെ സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍ നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.