7 വർഷങ്ങൾക്ക് ശേഷം മെല്‍ബണ്‍ നഗരത്തില്‍ വീണ്ടും തിരുപിറവി രംഗം
മെൽബൺ: ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ നഗരത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളിൽ നിന്ന് തിരുപിറവി രംഗം നീക്കം ചെയ്ത തീരുമാനത്തിന് ഭരണകൂടം മാറ്റം വരുത്തി. ഇതോടെ 7 വര്‍ഷത്തിന് ശേഷം നഗരത്തില്‍ തിരുപിറവി രംഗം പുനരാവിഷ്ക്കരിച്ചിരിക്കുകയാണ്. സഭാ നേതാക്കളും പ്രാദേശിക കൗൺസിലർമാരും ജനങ്ങളും നടപടിയെ സ്വാഗതം ചെയ്തു. ഔദ്യോഗിക ക്രിസ്തുമസ് പരിപാടിയിൽ തിരുപിറവി രംഗത്തിന്റെ അവതരണം ക്രിസ്ത്യാനികളല്ലാത്തവരെ ഒഴിവാക്കിയതായി തോന്നിപ്പിക്കുമെന്ന യുക്തിരഹിത ആരോപണം ഉന്നയിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുപിറവി രംഗം സിറ്റി കൗൺസിൽ നീക്കം ചെയ്തത്.
ഈശോയുടെ ജനനരംഗം നഗരത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് വേണ്ടി ഡെപ്യൂട്ടി ലോർഡ് മേയർ റോഷെന കാംബെലിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടല്‍ ഫലം കാണുകയായിരിന്നു. മെൽബണില്‍ ക്രിസ്തുമസിന്റെ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ 7ന് ഫെഡറേഷൻ സ്ക്വയറിൽ തിരുപിറവി രംഗം അനാച്ഛാദനം ചെയ്തു. യൗസേപ്പ് പിതാവ്, മറിയം, ഉണ്ണിയേശു, മൂന്ന് ജ്ഞാനികൾ, മൃഗങ്ങൾ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുള്ള തിരുപിറവി രംഗമാണ് സജ്ജീകരിച്ചിരിക്കുന്നത്.
മെൽബണിലെ കത്തോലിക്ക ആർച്ച് ബിഷപ്പ് പീറ്റർ കൊമെൻസോളിയും തീരുമാനത്തെ സ്വാഗതം ചെയ്തു. ഈശോയുടെ ജനനരംഗങ്ങൾ പ്രത്യാശ, സന്തോഷം, സമാധാനം എന്നിവയെക്കുറിച്ച് സംസാരിക്കുകയാണെന്നും ഇന്ന് ലോകത്തിന് ആവശ്യമുള്ളതു അത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ അലങ്കാരങ്ങളും സിറ്റി സ്ക്വയറിലെ കരോൾ ഗാനവും ഉൾപ്പെടുന്ന വലിയ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായിട്ടു തിരുപിറവി രംഗവും ഇനി മെല്‍ബണിലെ പൊതു ഇടത്ത് ശ്രദ്ധ നേടും.