18 വര്‍ഷം തടവില്‍ കഴിഞ്ഞ ജയിലിലെത്തി 97-ാം വയസില്‍ ദിവ്യബലിയര്‍പ്പിച്ച് 'ജീവിക്കുന്ന രക്തസാക്ഷി'

 
FATHER

18 വര്‍ഷം തടവുശിക്ഷ അനുഭവിച്ച തടവറയില്‍ 97-ാം വയസില്‍ തിരികെയെത്തി ദിവ്യബലിയര്‍പ്പിച്ച് കര്‍ദിനാള്‍ ഏണസ്റ്റ് സിമോണി. 

അല്‍ബേനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരതയ്ക്ക് ഇരയായി 18 വര്‍ഷത്തോളം തടവുശിക്ഷ അനുഭവിച്ച സ്പാക്കിലെ ലേബര്‍ ക്യാമ്പിന്റെ തടവറയിലാണ് 97-ാം വയസില്‍ തിരികെയെത്തി കര്‍ദിനാല്‍ സിമോണി ദിവ്യബലിയര്‍പ്പിച്ചത്. 

ഏത് നിമിഷവും പിടിക്കപ്പെടാവുന്ന സാഹചര്യത്തില്‍ പണ്ട് രഹസ്യമായി നിരവധി ദിവ്യബലികള്‍ അര്‍പ്പിച്ച അതേ തടവറയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം യേശുവിന്റെ തിരുശരീരവും തിരുരക്തവും കര്‍ദിനാള്‍ വീണ്ടും ഉയിര്‍ത്തിയപ്പോള്‍ ആയിരങ്ങള്‍ അതിന് സാക്ഷ്യം  വഹിച്ചു.

1963-ലെ ക്രിസ്മസ് ദിനത്തിലാണ് അന്‍വര്‍ ഹോക്ഷയുടെ സ്വേച്ഛാധിപത്യ ഭരണകൂടം ഫാ. ഏണസ്റ്റ് സിമോണിയെ 'ജനങ്ങളുടെ ശത്രു ' എന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യുന്നത്. 

ആദ്യം വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് അത് 25 വര്‍ഷത്തെ കഠിനതടവാക്കി മാറ്റി. അല്‍ബേനിയയിലെ സ്പാക്കിലെ ചെമ്പ് ഖനിയിലുള്ള ക്രൂരമായ ജോലി സാഹചര്യത്തിലാണ് അദ്ദേഹം വര്‍ഷങ്ങളോളം കഴിച്ചുകൂട്ടിയത്. 

ഖനിയോട് ചേര്‍ന്നുള്ള ലേബര്‍ ക്യാമ്പില്‍ ജീവന്‍ പണയം വെച്ചാണ് അദ്ദേഹം രഹസ്യമായി അദ്ദേഹം ദിവ്യബലി അര്‍പ്പിച്ചിരുന്നത്.

 'ഓര്‍മ്മയില്‍ നിന്നാണ് ഞാന്‍ ലത്തീന്‍ ഭാഷയില്‍ ദിവ്യബലി ചൊല്ലിയിരുന്നത്. കല്‍ക്കരി അടുപ്പില്‍ ചുട്ടെടുക്കുന്ന അപ്പവും, മുന്തിരിയുടെ നീരും ഉപയോഗിച്ചാണ് കൂദാശ അര്‍പ്പിച്ചത്. 

കണ്ടുപിടിക്കപ്പെട്ടിരുന്നെങ്കില്‍ എന്നെ അപ്പോള്‍ത്തന്നെ വധിക്കുമായിരുന്നു,' കര്‍ദിനാള്‍ പങ്കുവച്ചു.

ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ പ്രത്യേക സന്ദേശം ദിവ്യബലിക്ക് ശേഷം വായിച്ചു. 'സുവിശേഷത്താല്‍ പ്രകാശിതമായ മനസിനെ തടവിലാക്കാന്‍ ശക്തമായ ഒരു ചങ്ങലയും ഇല്ല. 


ദൈവം തന്റെ മക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന പ്രഭാതത്തെ തടയാന്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു രാത്രിയുമില്ല. ദൈവസ്നേഹത്തില്‍ നിന്ന്  ഒരു മനുഷ്യനെ വേര്‍പെടുത്താവുന്ന ആഴത്തില്‍ ഒരു തടവറയുമില്ല,' പാപ്പ പങ്കുവച്ചു.

2016-ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ പദവി നല്‍കി ഏണസ്റ്റ് സിമോണിയെ ആദരിച്ചത്.  'ജീവിക്കുന്ന രക്തസാക്ഷി' എന്നാണ് കര്‍ദിനാളിനെ പാപ്പ ഒരിക്കല്‍ വിശേഷിപ്പിച്ചത്.

Tags

Share this story

From Around the Web