ശസ്ത്രക്രിയയ്ക്കായി കാത്തിരുന്നത് 13 വര്‍ഷം, ഒടുവില്‍ തന്‍വി വിടവാങ്ങി; ആശുപത്രിക്കെതിരേ കുടുംബം.സമഗ്രമായ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍
ന്യൂഡല്‍ഹി: ശസ്ത്രക്രിയയ്ക്കായി 13 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ പതിനഞ്ചുകാരി ഡല്‍ഹി എയിംസില്‍ മരിച്ചു. രാജസ്ഥാനിലെ കോട്ട സ്വദേശിയായ തന്‍വി എന്ന പെണ്‍കുട്ടിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്. എയിംസ് അധികൃതരുടെയും ഡോക്ടര്‍മാരുടെയും ഗുരുതരമായ വീഴ്ചയും അനാസ്ഥയുമാണ് മകളുടെ മരണത്തിന് കാരണമെന്ന് പിതാവ് മുകേഷ് പരിയാനി ആരോപിച്ചു.
ജനനത്തോടനുബന്ധിച്ചുള്ള സങ്കീര്‍ണമായ ഹൃദ്രോഗത്തെ തുടര്‍ന്ന് രണ്ട് വയസ്സുള്ളപ്പോഴാണ് തന്‍വിയെ ആദ്യമായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. 2012 മുതല്‍ കുട്ടി അവിടെ ചികിത്സയിലായിരുന്നു. 2014-ല്‍ ഹൃദയശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയും 2015-ല്‍ ശസ്ത്രക്രിയയ്ക്കുള്ള തീയതി നിശ്ചയിക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് മാറ്റിവെക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.
കഴിഞ്ഞ 13 വര്‍ഷമായി ശസ്ത്രക്രിയയ്ക്കായി തങ്ങള്‍ ആശുപത്രി കയറിയിറങ്ങുകയായിരുന്നുവെന്ന് മുകേഷ് പറയുന്നു. ഹൃദയവും ശ്വാസകോശവും മാറ്റിവെക്കുന്നതിനായുള്ള പരിശോധനകള്‍ക്കായി ഓഗസ്റ്റ് 24-ന് കുട്ടിയെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം എന്‍ഡോസ്‌കോപ്പി പരിശോധന നടത്തിയ ശേഷം രാത്രിയോടെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും ഓക്‌സിജന്‍ അളവ് 48 ശതമാനമായി താഴുകയും ചെയ്തു. തുടര്‍ന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 5.06-ഓടെ മരണം സംഭവിക്കുകയായിരുന്നു.
എന്നാല്‍, 2018-ല്‍ ശസ്ത്രക്രിയ സാധ്യമല്ലെന്ന് കണ്ട് മരുന്നുകള്‍ മുഖേനയുള്ള ചികിത്സയിലേക്ക് മാറുകയായിരുന്നെന്നാണ് എയിംസ് കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം മേധാവി ഡോ. വി. ദേവഗൗരു വ്യക്തമാക്കുന്നത്. കുട്ടിയുടെ ശ്വാസകോശത്തിലേക്കുള്ള പ്രധാന രക്തധമനികളുടെ അഭാവവും ഹൃദയഘടനയിലെ സങ്കീര്‍ണതയുമാണ് ശസ്ത്രക്രിയയ്ക്ക് തടസ്സമായതെന്നാണ് ആശുപത്രി നല്‍കുന്ന വിശദീകരണം.
മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങാന്‍ പിതാവ് വിസമ്മതിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.