ഇറാനിലെ അഫ്ഗാൻ അഭയാർഥികൾ നേരിടുന്നത് കടുത്ത നിയമപ്രതിസന്ധികളും നീതിനിഷേധവുമെന്ന് മനുഷ്യാവകാശ സംഘടന

 
iran

ഇറാനിൽ കഴിയുന്ന അഫ്‌ഗാൻ സ്വദേശികൾ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും നിയമപരമായ കടുത്ത നിയന്ത്രണങ്ങളും നീതിനിഷേധവും നേരിടുന്നതായി മനുഷ്യാവകാശ സംഘടനയായ ‘ഹാന’ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിവിൽ രജിസ്‌ട്രേഷൻ നടത്താനുള്ള തടസ്സങ്ങളും കോടതികളെ സമീപിക്കാനുള്ള ബുദ്ധിമുട്ടുകളും ഇവരുടെ ജീവിതം അതീവ ദുസ്സഹമാക്കുകയാണ്.

അടുത്ത കാലത്തുണ്ടായ സൈനികസംഘർഷങ്ങൾക്കു പിന്നാലെ ഇറാൻ ഭരണകൂടം അഫ്ഗാൻ പൗരന്മാർക്കു മേൽ ഭരണപരവും സുരക്ഷാപരവുമായ സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് വിച്ഛേദിക്കലും പൊതുസേവനങ്ങൾ തടസ്സപ്പെടുത്തലും ഇവരുടെ നിയമപരമായ പ്രതിസന്ധികൾ വർധിപ്പിക്കുകയും അവരെ സമൂഹത്തിൽ ‘അദൃശ്യരായി’ മാറ്റുകയും ചെയ്തതായി ഞായറാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സംഘടന ചൂണ്ടിക്കാട്ടുന്നു.

വിവാഹം, വിവാഹമോചനം, ജനനം, കുട്ടികളുടെ സംരക്ഷണം, സ്വത്ത് അവകാശം തുടങ്ങിയ സുപ്രധാന കാര്യങ്ങൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ അഫ്ഗാൻ അഭയാർഥികൾക്ക് സാധിക്കുന്നില്ല. ഇത് അവരുടെ മൗലികാവകാശങ്ങളെ പൂർണ്ണമായി ഇല്ലാതാക്കുകയും ഭരണപരമോ, ജുഡീഷ്യൽപരമോ ആയ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യുന്നു.

അതേസമയം, അഫ്ഗാൻ പൗരന്മാരുടെ ജനന-വിവാഹ രജിസ്‌ട്രേഷനുകൾക്കായി സുതാര്യവും കാര്യക്ഷമവുമായ സംവിധാനം ഇറാൻ ഭരണകൂടം ഒരുക്കണമെന്ന് ‘ഹാന’ ആവശ്യപ്പെട്ടു. കൂടാതെ, നിയമപരമോ, വൈദ്യശാസ്ത്രപരമോ ആയ സഹായങ്ങൾ തേടി മുന്നോട്ടുവരുന്ന അഭയാർഥികളെ അറസ്റ്റ് ചെയ്യാനോ, നാടുകടത്താനോ പാടില്ല. വിദേശപൗരന്മാരുമായി ബന്ധപ്പെട്ട ഇറാന്റെ നിയമങ്ങൾ മനുഷ്യത്വപരമായ പരിഗണനയോടെ പുനഃപരിശോധിക്കാൻ തയ്യാറാകണമെന്നും സംഘടന ഇറാനോട് അഭ്യർഥിച്ചു.

Tags

Share this story

From Around the Web