പരസ്യങ്ങള്‍ക്ക് ഇനി കടിഞ്ഞാണില്ല; ടെലിവിഷന്‍ ചാനലുകളുടെ 12 മിനിറ്റ് പരസ്യ സമയ പരിധി എടുത്തുമാറ്റി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലുകളുടെ പരസ്യ സമയത്തിന് ഏര്‍പ്പെടുത്തിയിരുന്ന 12 മിനിറ്റ് എന്ന പരിധി നീക്കം ചെയ്യുന്നതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം (ഐ & ബി) പ്രഖ്യാപിച്ചു.
ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്' മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നിര്‍ണായക തീരുമാനം.
1994-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ തീരുമാനം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും. 2006-ലാണ് അന്നത്തെ കേബിള്‍ ടിവി നിയമപ്രകാരം സര്‍ക്കാര്‍ 12 മിനിറ്റ് പരസ്യ പരിധി ഏര്‍പ്പെടുത്തിയിരുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ടെലിവിഷന്‍ പ്രക്ഷേപണ മേഖലയില്‍ ഉണ്ടായ വന്‍ മാറ്റങ്ങളാണ് പുതിയ തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്.
2006-ല്‍ ഇന്ത്യയില്‍ ആകെ 62 ടെലിവിഷന്‍ ചാനലുകള്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍, നിലവില്‍ അത് 900-ല്‍ അധികമായി ഉയര്‍ന്നിട്ടുണ്ട്.
അന്നത്തെ അനലോഗ് സാങ്കേതികവിദ്യയില്‍ നിന്ന് മാറി കേബിള്‍ ടെലിവിഷന്‍ മേഖല പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ടതോടെ പ്രക്ഷേപണ രംഗം തന്നെ മാറിമറിഞ്ഞു.
ഡി.ടി.എച്ച്., കേബിള്‍ ടിവി, ഐ.പി.ടി.വി. പ്ലാറ്റ്ഫോമുകള്‍ വഴി ഇപ്പോള്‍ ഒരേസമയം 300 മുതല്‍ 500-ലധികം ചാനലുകള്‍ ലഭ്യമാണ്. ഇത് കാഴ്ചക്കാര്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ സമ്മാനിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് സമാനമായ പരസ്യ സമയ പരിധികള്‍ ഇല്ലാത്തതിനാല്‍ പരമ്പരാഗത ടെലിവിഷന്‍ ചാനലുകള്‍ കടുത്ത വിപണി മാത്സര്യത്തില്‍ പിന്നിലായിരുന്നു.
പരസ്യ വരുമാനത്തെ വലിയ തോതി ആശ്രയിക്കുന്ന പേ, ഫ്രീ-ടു-എയര്‍ ചാനലുകള്‍ക്ക് ഈ നിയന്ത്രണം തിരിച്ചടിയായിരുന്നു.
പരസ്യ സമയ പരിധി ഒഴിവാക്കുന്നത് ഈ അസമത്വം പരിഹരിക്കാനും, ടിവി വ്യവസായത്തിനുള്ളിലും ഡിജിറ്റല്‍ മീഡിയയുമായുള്ള മത്സരത്തിലും ചാനലുകള്‍ക്ക് തുല്യാവസരം ഉറപ്പാക്കാനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.