മുതിർന്നവർ ജീവിതത്തിന്റെ വഴികാട്ടികൾ: ലെയോ പതിനാലാമൻ പാപ്പ

 
Papa spain

പ്രായമാകുമ്പോൾ ഉണ്ടാകുന്ന പരിമിതികളെ ഒളിച്ചുവെക്കാതെയും അതിൽ ലജ്ജിക്കാതെയും ശാന്തതയോടെ സ്വീകരിക്കുന്ന മുതിർന്നവർ, മറ്റുള്ളവർക്ക് പ്രത്യേകിച്ച് യുവാക്കൾക്ക് മികച്ച ജീവിതവഴികാട്ടികളാകുമെന്ന് ലെയോ പതിനാലാമൻ പാപ്പ. ജീവിതത്തിന്റെ മൂല്യം അളക്കേണ്ടത് അതിന്റെ കാര്യക്ഷമതയോ സ്വാശ്രയത്വമോ നോക്കിയല്ല, മറിച്ച് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, നൽകാനും സ്വീകരിക്കാനുമുള്ള കഴിവ് നോക്കിയാണെന്ന് കാണിച്ചുതരാൻ അവർക്ക് കഴിയുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

‘അല്മായർ, കുടുംബം, ജീവൻ’ എന്നിവയ്ക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി (Dicastery) സംഘടിപ്പിച്ച മുതിർന്നവരുടെ ആത്മീയ പരിചരണത്തെക്കുറിച്ചുള്ള യോഗത്തോടനുബന്ധിച്ച്, ഡിക്കാസ്റ്ററി പ്രെഫെക്ട് കർദിനാൾ കെവിൻ ഫാരലിന് അയച്ച കത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൽ വഴിയാണ് മാർപാപ്പ സന്ദേശം കൈമാറിയത്. “സ്വർഗത്തിലേക്കൊരു പാലം: കരുത്തിന്റെ കാലത്തെ ബലഹീനതകളുടെ പ്രബോധനം” എന്നതായിരുന്നു ഈ വർഷത്തെ യോഗത്തിന്റെ പ്രമേയം.

ഇന്നത്തെ സമൂഹത്തിൽ വാർദ്ധക്യം എന്നത് ഒട്ടനവധി സാധ്യതകൾ നിറഞ്ഞ ജീവിതത്തിലെ സങ്കീർണ്ണമായ ഒരു കാലഘട്ടമാണെന്നും, മുതിർന്നവരുടെ സാന്നിധ്യത്തെ എന്നും വിലമതിക്കുന്ന സഭയെ സംബന്ധിച്ചിടത്തോളം ഈ സംരംഭം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും മാർപാപ്പ പറഞ്ഞു. “ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും, മുതിർന്ന ആളുകൾക്ക് സമൂഹത്തെ സേവിക്കുന്നതിനായി വിനിയോഗിക്കാൻ വലിയ അളവിൽ ഊർജ്ജമുണ്ട്,” പാപ്പ ഓർമ്മിപ്പിച്ചു.

എന്നാൽ ഇതിനപ്പുറം, വാർദ്ധക്യം ക്രിസ്തീയ ജീവിതത്തിന്റെ കൂടുതൽ ആഴമേറിയതും പ്രധാനപ്പെട്ടതുമായ മറ്റൊരു വശത്തിലേക്ക്, അതായത് ‘ബലഹീനതയുടെ മൂല്യ’ത്തിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുന്നുവെന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. മനുഷ്യന്റെ ശരാശരി ആയുസ്സ് വർധിക്കുന്നത് വാർദ്ധക്യത്തിലെ ശാരീരിക ബലഹീനതകളുടെ കാലയളവ് നീളുന്നതിലേക്ക് നയിക്കുന്നു. ജീവിതത്തിലെ ഈ ഘട്ടത്തിന്റെ അർഥത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനുള്ള ഒരു വെല്ലുവിളിയാണ് ഇത് ഉയർത്തുന്നത്.

Share this:

Tags

Share this story

From Around the Web