അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവിക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമക്കേസില്‍ ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെടെ എട്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. ശ്രീനാദേവി കുഞ്ഞമ്മ, ഫെനി നൈനാന്‍ എന്നിവരടക്കമുള്ളവരാണ് പത്തനംതിട്ട ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്റ്റേഷന്‍ അതിക്രമം, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പൊലീസിന്റെ വാദം. പൊലീസിന്റെ റിപ്പോര്‍ട്ടും പ്രതിഭാഗത്തിന്റെ വാദങ്ങളും പരിഗണിച്ചാണ് കോടതി ഇന്ന് തീരുമാനമെടുക്കുക.