കോട്ടയത്ത് ആദിവാസി യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ചതായി ആരോപണം; ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി
കോട്ടയം: ആദിവാസി യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ചതായി പരാതി. പൂഞ്ഞാര്‍ സ്വദേശി അഭിലാഷാണ് ഈരാറ്റുപേട്ട പൊലീസിനെതിരെ കോട്ടയം എസ്.പിക്ക് പരാതി നല്‍കിയത്. മോഷണ കേസിലെ പരാതിയിലാണ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം യുവാവിന്റെ ആരോപണം നിഷേധിക്കുകയാണ് പൊലീസ്.
കെഎസ്ഇബിയിലെ കരാര്‍ ജീവനക്കാരനാണ് പൂഞ്ഞാര്‍ സ്വദേശി അഭിലാഷ്. അടുത്തിടെ വൈദ്യുതി കമ്പി മോഷണം പോയെന്ന് സലെയ പരാതി നല്‍കിയിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് അഭിലാഷിനെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. മഫ്തിയില്‍ വീട്ടിലെത്തിയ പോലീസുകാര്‍ വീട്ടില്‍ വച്ചും പിന്നീട് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിചെന്നാണ് അഭിലാഷിന്റെ പരാതി.
തലയ്ക്ക് പിന്നില്‍ അടക്കം പരിക്കേറ്റ അഭിലാഷ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എന്നാല്‍ അഭിലാഷിന്റെ പരാതി തള്ളുകയാണ് പോലീസ്. ചോദ്യം ചെയ്യാന്‍ വേണ്ടി മാത്രമാണ് അഭിലാഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പാലാ ഡിവൈഎസ്പിയുടെ വിശദീകരണം. പരാതി ലഭിച്ച പശ്ചാത്തലത്തില്‍ അന്വേഷണം നടത്തുമെന്ന് കോട്ടയം എസ് പി വ്യക്തമാക്കി.