'അഡിനോ കാര്‍സിനോമ'; വയറ്റില്‍ കടുത്ത നീര്‍ക്കെട്ടും വിശപ്പില്ലായ്മയും, തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍! കീമോതെറാപ്പി ആരംഭിച്ചു

 
bengal tiger


തിരുവനന്തപുരം: മൃഗശാലയിലെ പെണ്‍ ബംഗാള്‍ കടുവയായ 'ബബിത'യ്ക്ക് അപൂര്‍വ്വവും മാരകവുമായ ക്യാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കീമോതെറാപ്പി ചികിത്സ ആരംഭിച്ചു. 


ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മീസോത്തീലിയല്‍ സ്തരത്തെ ബാധിക്കുന്ന 'അഡിനോ കാര്‍സിനോമ' എന്ന രോഗമാണ് കടുവയ്ക്ക് പിടിപെട്ടിരിക്കുന്നത്. 

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വിദഗ്ധ സംഘത്തിന്റെ നിര്‍ദേശപ്രകാരം കടുവയ്ക്ക് കീമോതെറാപ്പി നല്‍കിത്തുടങ്ങിയത്.

2024 മാര്‍ച്ചില്‍ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ജനവാസമേഖലയില്‍ ഭീതി പരത്തിയതിനെ തുടര്‍ന്ന് വനം വകുപ്പാണ് ഈ പെണ്‍കടുവയെ പിടികൂടുന്നത്. 

തുടര്‍ന്ന് പുനരധിവാസത്തിനായി തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റുകയും 'ബബിത' എന്ന് പേരിടുകയും ചെയ്യുകയായിരുന്നു. 

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും കൃത്യമായ ചികിത്സാമാര്‍ഗങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പാലിയേറ്റീവ് കെയര്‍ മാത്രമാണ് നല്‍കി വന്നിരുന്നത്.


എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യനില കൂടുതല്‍ വഷളാവുകയും വയറിനുള്ളില്‍ കടുത്ത നീര്‍ക്കെട്ടും വിശപ്പില്ലായ്മയും കണ്ടെത്തുകയും ചെയ്തതോടെയാണ് മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തില്‍ വിശദമായ പരിശോധനകള്‍ നടത്തിയത്. 

തുടര്‍ന്ന് ഡോ. സച്ചിന്‍ മനോജ്, ഡോ. ജയകൃഷ്ണന്‍, ഡോ. ഐശ്വര്യ, ഡോ. ഹരീഷ് സി, ഡോ. ദേവി എന്നീ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം രോഗാവസ്ഥ പൂര്‍ണ്ണമായി സ്ഥിരീകരിക്കുകയായിരുന്നു. 


ശരീരത്തില്‍ പടര്‍ന്നുപിടിക്കുന്ന രീതിയിലുള്ള ക്യാന്‍സറായതിനാല്‍ ശസ്ത്രക്രിയ വഴി ഇത് നീക്കം ചെയ്യാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 

അമേരിക്കയിലെ നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പൂച്ചകളില്‍ സമാനമായ ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ കീമോതെറാപ്പിയിലൂടെ നാല് മാസത്തോളം ആയുസ് ദീര്‍ഘിപ്പിക്കാന്‍ സാധിച്ചിരുന്നു. 

ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് 'കാര്‍ബോ പ്ലാറ്റിന്‍' എന്ന കീമോ മരുന്ന് ഉപയോഗിച്ച് ബബിതയ്ക്കും നിലവില്‍ കീമോതെറാപ്പി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web