കാരുണ്യപ്രവൃത്തികളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമെന്ന് ലിയോ 14ാം മന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: കാരുണ്യപ്രവൃത്തികളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമെന്ന് ലിയോ 14 ാമന്‍ പാപ്പ. ദരിദ്രയായ വിധവയെപ്പോലെ രണ്ട് നാണയം നിക്ഷേപിക്കുന്നവര്‍ക്ക് പോലും ലോകത്തിലെ ഏറ്റവും സമ്പന്നനായി മാറാമെന്നും ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ ആഞ്ചലൂസ് സന്ദേശത്തില്‍ പാപ്പ പറഞ്ഞു.
ദൈവത്തില്‍ നിന്ന് ലഭിച്ച ദാനങ്ങളെല്ലാം നമുക്കായി സൂക്ഷിക്കരുതെന്നും, മറ്റുള്ളവരുടെ, പ്രത്യേകിച്ച് നമ്മുടെ സഹായം ഏറ്റവും ആവശ്യമുള്ളവരുടെ നന്മയ്ക്കായി ഉദാരമായി ഉപയോഗിക്കണമെന്നും പാപ്പ പറഞ്ഞു. ഭൗതിക വസ്തുക്കള്‍ മാത്രമല്ല, കഴിവുകള്‍, സമയം, സ്നേഹം, സാന്നിധ്യം, സഹാനുഭൂതി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്ന് പാപ്പ വിശ്വാസികളെ ഓര്‍മിപ്പിച്ചു.
നമ്മുടെ കഴിവുകള്‍ മറ്റുള്ളവരുടെ സേവനത്തിനായി സമര്‍പ്പിച്ചില്ലെങ്കില്‍, അവ ശുഷ്‌കമാവുകയും മൂല്യമില്ലാതായി മാറുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ നാം തന്നെ രൂപാന്തരപ്പെടുന്നുണ്ടെന്നും നമ്മുടെ ദാനം സ്വര്‍ണമായോ വെള്ളിയായോ അല്ല, മറിച്ച് നിത്യജീവനായി രൂപാന്തരപ്പെടുമെന്നും വിശുദ്ധ അഗസ്റ്റിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പ വ്യക്തമാക്കി.
കുടുംബത്തിലും ഇടവകയിലും സ്‌കൂളിലും ജോലിസ്ഥലത്തുമൊന്നും സ്നേഹിക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുതെന്ന് ഓര്‍മിപ്പിച്ച പാപ്പ, നമ്മുടെ അസ്തിത്വത്തിന്റെ എല്ലാ വശങ്ങളെയും രൂപാന്തരപ്പെടുത്തുകയും കുലീനമാക്കുകയും ചെയ്യുന്ന സ്നേഹം നമ്മെ ദൈവത്തോട് കൂടുതല്‍ സാമ്യമുള്ളവരായി മാറ്റുമെന്നും പറഞ്ഞു.