നടിയെ മുന്‍നിരയിലിരുത്തി, മുഖ്യമന്ത്രിയുടെ മാനം കാറ്റില്‍ പറന്നു: തൃഷയുടെ സല്യൂട്ടിനെതിരെ ഡിഎംകെ. സമൂഹമാധ്യമങ്ങളിലും ചര്‍ച്ച
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്ത സ്വാതന്ത്ര്യദിന ചടങ്ങില്‍ നടി തൃഷ പങ്കെടുത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിഎംകെ മുഖപത്രമായ 'മുരശൊലി'.വിജയിയും തൃഷയും പരസ്പരം സല്യൂട്ട് ചെയ്തതിനെയും ഔദ്യോഗിക ചടങ്ങിനിടയിലെ നടിയുടെ ഇരിപ്പിട ക്രമീകരണത്തെയും 'മുരശൊലി'യില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
'ഒരു നടിയെ സ്വാതന്ത്ര്യദിന പരിപാടിയില്‍ കൊണ്ടുവന്ന് സല്യൂട്ട് ചെയ്തു. വിജയിയുടെ സ്വന്തം ആരാധകര്‍ക്കു പോലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. പൊതുജനങ്ങള്‍ ഇതെങ്ങനെ സ്വീകരിക്കും?' എന്നാണ് മുരശൊലി മുഖപ്രസംഗത്തില്‍ ചോദിക്കുന്നത്. നടിക്ക് മുന്‍വരിയില്‍ സീറ്റ് ഒരുക്കുകയും സല്യൂട്ട് ചെയ്യുകയും ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മാനം കാറ്റില്‍ പറന്നെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
സ്വാതന്ത്ര്യദിനം പോലൊരു ഔദ്യോഗിക ചടങ്ങില്‍ ഇത്തരം പ്രതികരണങ്ങള്‍ ഉചിതമാണോ എന്ന് ഡിഎംകെ മുഖപത്രം ചോദിക്കുന്നു. വിജയിയുടെ ആരാധകര്‍ക്ക് മാത്രമേ ഒരു നടിയെ സര്‍ക്കാരിന്റെ പ്രധാന ചടങ്ങിലേക്ക് കൊണ്ടുവരുന്നത് അംഗീകരിക്കാന്‍ കഴിയൂ എന്നും പത്രം പറയുന്നു. ടിവികെ സര്‍ക്കാരിന്റെ 100 ദിനങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള എഡിറ്റോറിയലിലാണ് സ്വാതന്ത്ര്യദിന ചടങ്ങിനെ കുറിച്ച് പരാമര്‍ശമുള്ളത്.
ഓഗസ്റ്റ് 15ന് ചെന്നൈയില്‍ നടന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ തൃഷ പങ്കെടുത്തതും മുന്‍നിരയില്‍ വിജയിയുടെ മാതാപിതാക്കള്‍ക്ക് അടുത്ത് സീറ്റ് ലഭിച്ചതും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പുറമേ വിജയ് പരേഡില്‍ സല്യൂട്ട് നല്‍കുമ്പോള്‍ തൃഷ തിരിച്ച് സല്യൂട്ട് കൈമാറുന്ന വിഡിയോയും വൈറലായിരുന്നു.