നടിയെ ആക്രമിച്ച കേസിലെ വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ച സംഭവം: സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി
നടിയെ ആക്രമിച്ച കേസില്‍ വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ച സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബൈജു പൗലോസ്. വിശദാംശം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്. വിധി പറയുന്നതിന് ഒരാഴ്ച മുമ്പാണ് വിധിയുടെ പ്രധാന വിവരങ്ങള്‍ ഊമക്കത്തായി ചിലര്‍ക്ക് ലഭിച്ചത്.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ ഉന്നയിച്ച ആക്രമണ കാരണങ്ങൾ വിചാരണ കോടതി തള്ളി. ദിലീപിന് നടിയോട് ശത്രുതയുള്ളതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. ഗൂഢാലോചന തെളിയിക്കുന്ന സാക്ഷി മൊഴികളും കോടതി വിശ്വാസത്തിൽ എടുത്തില്ല. കേസിൽ വിചാരണ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് പ്രോസിക്യൂഷൻ.
നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ശ്രമം എന്നാണ് വിചാരണ കോടതി നിഗമനം. അതിജീവിതയെ തട്ടിക്കൊണ്ടുപോയി അശ്ലീല ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തതായും ദിലീപിന്റെ ശത്രുതയാണ് ഇതിന് കാരണമെന്നുമാണ് പ്രോസിക്യൂഷൻ കേസ്.