നടിയെ ആക്രമിച്ച കേസ് പ്രതി മാര്‍ട്ടിന്റെ അധിക്ഷേപ വീഡിയോ; പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍. ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ പ്രതി മാര്‍ട്ടിന്‍ ആന്റണി വീഡിയോ ദൃശ്യത്തിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍.
രണ്ടാംപ്രതി മാര്‍ട്ടിന്‍ പങ്കുവെച്ച വീഡിയോ പ്രചരിപ്പിച്ചവരെയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. തൃശൂര്‍, എറണാകുളം, ആലപ്പുഴ സ്വദേശികളാണ് പിടിയിലായത് എന്നാണ് വിവരം.
സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഈ വീഡിയോ ദൃശ്യം നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇത് പാലിക്കാത്ത മൂന്നു പേരെയാണ് ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മൂന്ന് പേര്‍ക്കെതിരെയും ബിഎന്‍എസ് 72, 75 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ടിലെ സെക്ഷന്‍ 67 ഉം ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം നടിയുടെ പേരടക്കം വെളിപ്പെടുത്തിക്കൊണ്ടാണ് കേസിലെ രണ്ടാംപ്രതി മാര്‍ട്ടിന്‍ ആന്റണി അധിക്ഷേപ പരാമര്‍ശം നടത്തി, വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പിന്‍വലിക്കാത്ത ബാക്കിയുള്ളവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.