പ്രൈം വീഡിയോയുടെ ഹിറ്റ് പരമ്പരയായ ‘ഹൗസ് ഓഫ് ഡേവിഡില്‍’ ദാവീദ് രാജാവായി അഭിനയിച്ച നടന്‍ മൈക്കല്‍ ഇസ്‌കാന്‍ഡര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

പ്രൈം വീഡിയോയുടെ ഹിറ്റ് പരമ്പരയായ ‘ഹൗസ് ഓഫ് ഡേവിഡില്‍’ ദാവീദ് രാജാവായി അഭിനയിച്ച നടന്‍ മൈക്കല്‍ ഇസ്‌കാന്‍ഡര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. കത്തോലിക്ക വിശ്വാസം സ്വീകരിച്ച വിവരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മൈക്കല്‍ ലോകത്തെ അറിയിച്ചത്. ‘ഇന്ന് വളരെ സവിശേഷമായ ഒരു ദിവസമാണ്. തിരിഞ്ഞുനോക്കുമ്പോള്‍, അത് വളരെ നീണ്ട ഒരു പ്രക്രിയയായിരുന്നു. ഇന്ന് ഞാന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു,’ അദ്ദേഹം കുറിച്ചു. ‘ഈ സഭയിലേക്കുള്ള വിളി എനിക്ക് വളരെക്കാലമായി അനുഭവപ്പെടുന്നു, കാലം കടന്നുപോകുന്തോറും ആ വിളി കൂടുതല്‍ ശക്തമായി. ഒരു പാതയുടെ അവസാനമെന്നതിനേക്കാള്‍, ഇത് യാത്രയുടെ തുടക്കമാണ്. ദൈവത്തോടൊപ്പമുള്ള എന്റെ നടത്തം തുടരുമ്പോള്‍ ദയവായി എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദാവീദ് രാജാവായി അഭിനയിക്കണമെന്ന് താന്‍ ഏറെ ആഗ്രഹിച്ചിരുന്നതായി 23 കാരനായ ഇസ്‌കാന്‍ഡര്‍ നിരവധി അഭിമുഖങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ദാവീദ് രാജാവിനെ കേന്ദ്രീകരിച്ചുള്ള വരാനിരിക്കുന്ന ഒരു പരമ്പരയെക്കുറിച്ച് കേട്ടപ്പോള്‍ അദ്ദേഹം ഒരു ബ്രോഡ്വേ പ്രൊഡക്ഷനില്‍ പങ്കെടുക്കുകയായിരുന്നു. പ്രാരംഭ ഓഡിഷന് ശേഷം, അദ്ദേഹത്തെ തഴഞ്ഞു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞ്, രണ്ടാമത്തെ ഓഡിഷനായി അദ്ദേഹത്തെ തിരികെ വിളിച്ചു. രണ്ടാമത്തെ ഓഡിഷന് മുമ്പ് പ്രാര്‍ത്ഥിക്കാനും ഉപവസിക്കാനും മൈക്കലിന്റെ അമ്മ ഉപദേശിച്ചു. രണ്ട് മാസത്തിന് ശേഷം, അദ്ദേഹത്തിന് ആ വേഷംചെയ്യാനുള്ള ഓഫര്‍ ലഭിച്ചു.
ഈ പരമ്പരയെ ദാവീദിന്റെ ഭവനം എന്ന് വിളിക്കുന്നതിന് പകരം കര്‍ത്താവിന്റെ ഭവനം എന്നായിരുന്നു നാമകരണം ചെയ്യേണ്ടത് എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മൈക്കല്‍ പറയുന്നു.’ദാവീദിന്റെ ഹൃദയം കര്‍ത്താവിനുവേണ്ടിയായിരുന്നു, ഓരോ രംഗത്തിലും, ഓരോ നിമിഷത്തിലും, കര്‍ത്താവ് എവിടെയാണെന്നും പരിശുദ്ധാത്മാവ് എവിടെയാണെന്നും കണ്ടെത്താനാണ് ഞാന്‍ ശ്രമിക്കുന്നത്’. ദാവീദിനെക്കുറിച്ച് കൂടുതല്‍ അറിയാനും മനസിലാക്കുവാനുമായി പരമ്പരയുടെ ചിത്രീകരണ സമയത്ത് സങ്കീര്‍ത്തനങ്ങളും സാമുവലിന്റെ പുസ്തകവും നിരന്തരം വായിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
വിശ്വാസാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ പ്രേക്ഷകരെ ലക്ഷ്യമിടുന്ന സ്വതന്ത്ര സ്റ്റുഡിയോ വണ്ടര്‍ പ്രോജക്റ്റാണ് ഹൗസ് ഓഫ് ഡേവിഡ് നിര്‍മിക്കുന്നത്. പ്രൈം വീഡിയോയില്‍ മാത്രം സംപ്രേഷണം ചെയ്തിരുന്ന പരമ്പരയുടെ ആദ്യ സീസണ്‍ ലോകമെമ്പാടും 40 ദശലക്ഷത്തിലധികം വ്യൂകള്‍ നേടി.