തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ നടപടി; സ്‌കൂളുകള്‍ ഉള്‍പ്പെടെ പൊതുസ്ഥാപനങ്ങളില്‍ നോഡല്‍ ഓഫീസര്‍

 
dog

തിരുവനന്തപുരം: തെരുവുനായകള്‍ക്ക് വഴിയോരത്തും തെരുവിലും ഭക്ഷണം നല്‍കുന്നവര്‍ക്കെതിരേ നിയമനടപടിയെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി. തെരുവില്‍ ഭക്ഷണം നല്‍കുന്നതു വിലക്കി ബോര്‍ഡ് സ്ഥാപിക്കും.


 ലംഘിച്ചാല്‍ പരാതി അറിയിക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഹെല്‍പ്പ് ലൈന്‍ നമ്പറും വരും. പൊതുസ്ഥാപനങ്ങളില്‍ നോഡല്‍ ഓഫീസറെ നിയമിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

തദ്ദേശവകുപ്പിന്റെ നിര്‍ദേശം നടപ്പാക്കാന്‍ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. തടസ്സപ്പെടുത്തിയാല്‍ പോലീസ് സഹായം തേടാം. നായകളുടെ എണ്ണത്തിന് ആനുപാതികമായി വാര്‍ഡുകളില്‍ നിശ്ചിതകേന്ദ്രങ്ങളില്‍ ഭക്ഷണം നല്‍കാന്‍ വിലക്കില്ല. 


തദ്ദേശസ്ഥാപനങ്ങള്‍ ഇതിനുള്ളസ്ഥലം കണ്ടെത്തണം. സ്ഥാപനപരിസരം തെരുവുനായമുക്തമാക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, സ്റ്റേഷന്‍മാസ്റ്റര്‍മാര്‍ തുടങ്ങിയവയുടെ മേധാവികള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ നോട്ടീസ് നല്‍കും. സഹകരിച്ചില്ലെങ്കില്‍ ഭരണപരവും നിയമപരവുമായ നടപടിയെടുക്കും.

മറ്റു നിര്‍ദേശങ്ങള്‍
    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷന്‍, പാര്‍ക്കുകള്‍, ജനം ഒത്തുകൂടുന്ന പൊതുവിടങ്ങള്‍ എന്നിവിടങ്ങളിലെ നായകളെ അടിയന്തരമായി പിടികൂടണം.
    നായകളെ വന്ധ്യംകരിച്ച് വിരമരുന്നു നല്‍കിയും പ്രതിരോധ കുത്തിവെപ്പെടുത്തും പിടികൂടിയ സ്ഥലത്തു വിടണം. പേ വിഷബാധയുള്ളവയെയും അക്രമണസ്വഭാവമുള്ളവയെയും ഷെല്‍ട്ടറില്‍ പാര്‍പ്പിക്കും. കൂടുതല്‍ എ.ബി.സി. കേന്ദ്രങ്ങളും തുടങ്ങും.

    ദത്തുനല്‍കുന്ന നായകള്‍ക്ക് ടാഗ് പതിപ്പിക്കും.

    സംസ്ഥാന -ദേശീയപാതകളില്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന നായകളെയും മറ്റു മൃഗങ്ങളെയും നീക്കാന്‍ ദേശീയപാത, സംസ്ഥാന അതോറിറ്റികള്‍ തുടങ്ങിയവയുമായി തദ്ദേശസ്ഥാപനങ്ങള്‍ കൈകോര്‍ക്കും. പോലീസ്, വെറ്ററിനറി ഓഫീസര്‍മാര്‍ എന്നിവരുമായി തദ്ദേശസ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കണം.
 
    തദ്ദേശസ്ഥാപന പരിധിയിലെ സര്‍ക്കാര്‍ -സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കായികസമുച്ചയങ്ങള്‍, ബസ് ഡിപ്പോകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയയിടങ്ങളില്‍ നോഡല്‍ ഓഫീസര്‍മാര്‍. ഓഫീസറുടെ പേരുവിവരം സ്ഥാപനത്തിന്റെ കവാടത്തിലും തദ്ദേശസ്ഥാപനത്തിലും പ്രസിദ്ധപ്പെടുത്തും.

Tags

Share this story

From Around the Web