തേങ്ങാ മോഷണം തടയാന്‍ ആക്ഷന്‍ കമ്മിറ്റി. കള്ളന്മാരെ ഭയന്ന് കുറ്റ്യാടി നിവാസികള്‍. മോഷ്ടാക്കളെ പിടികൂടുന്നതിനായി രാത്രികാല പട്രോളിങ് സജീവമാക്കി പോലീസ്

കുറ്റ്യാടി: സംസ്ഥാനത്ത് തേങ്ങയ്ക്ക് ദിവസേന വില കുതിച്ചുയരുകയാണ്. വില കൂടുന്നത് കര്‍ഷകര്‍ക്ക് സന്തോഷമാണെങ്കിലും, തേങ്ങ മോഷ്ടാക്കളെ ഭയന്ന് കാവലിരിക്കേണ്ട അവസ്ഥയിലാണ് കുറ്റ്യാടിിലെ കേര കര്‍ഷകര്‍.
ഏറ്റവും കൂടുതല്‍ നാളികര ഉല്‍പ്പാദനം നടക്കുന്ന കോഴിക്കോട് കുറ്റ്യാടി മേഖലയില്‍ തേങ്ങ മോഷണം തടയാന്‍ നാളികേര കര്‍ഷകര്‍ ആക്ഷന്‍ കമ്മിറ്റി വരെ രൂപീകരിച്ചിരിക്കുകയാണ്. പ്രത്യേക പട്രോളിംങ് ഏര്‍പ്പെടുത്തി കള്ളന്‍മാരെ പിടിക്കാന്‍ പൊലീസും കര്‍ഷകരുടെ സഹായത്തിനുണ്ട്.
കോഴിക്കോട്ടെ കുറ്റ്യാടി തേങ്ങ, ഗുണമേന്മയില്‍ പേരു കേട്ടതിനാല്‍ മറ്റുള്ള നാട്ടിലേക്കാള്‍ ഇവിടെ വില അല്‍പം കൂടും. സംസ്ഥാനത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക ഭാഗങ്ങളിലെ വന്‍കിട വെളിച്ചെണ്ണ മില്ലുകളിലും കുറ്റ്യാടി തേങ്ങക്ക് വന്‍ ഡിമാന്റാണ്.
തൊണ്ട് പൊളിച്ച ഒരു കിലോ പച്ചതേങ്ങയ്ക്ക് 80 രൂപ വരെയാണ് വില. വില കിട്ടുന്നതിന്റെ സന്തോഷം കര്‍ഷകര്‍ക്കുണ്ടെങ്കിലും, ഇപ്പോഴത്തെ ആശങ്ക തേങ്ങാ കള്ളന്‍മാരാണ്. പണ്ടൊക്കെ തോട്ടത്തിലും, വീട്ടുമുറ്റത്തുമെല്ലാം തേങ്ങ സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നു.
കോഴിക്കോട് തൊട്ടില്‍പ്പാലം പൊലീസ് സ്റ്റേഷനില്‍ ഒരു മാസത്തിനുള്ളില്‍ തേങ്ങ മോഷണവുമായി ബന്ധപ്പെട്ട് അഞ്ച് പരാതികളാണ് ലഭിച്ചത്. കുറ്റ്യാടി സ്റ്റേഷനില്‍ രണ്ട് പരാതിയും കിട്ടി. പരാതി നല്‍കാത്ത കര്‍ഷകര്‍ നിരവധിയുണ്ട്.
വീട്ടുമുറ്റങ്ങളില്‍ അരയ്ക്കാനായി സൂക്ഷിച്ച നാളികേരം പോലും മോഷണം പോയതായി കാവലുംപാറയിലെ നാളികേര കര്‍ഷകര്‍ പറയുന്നു. ചെറുകിട നാളികേര കച്ചവടക്കാര്‍ ശേഖരിച്ച് വയ്ക്കുന്ന നാളികേരവും മോഷണം പോയതായി കച്ചവടക്കാര്‍ പറയുന്നു.
കുറ്റ്യാടി മേഖലയിലെ മരുതോങ്കര പഞ്ചായത്തിലെ മുള്ളന്‍കുന്ന് പരിസരപ്രദേശങ്ങളിലും, കാവിലുംപാറ പഞ്ചായത്തിലെ വളയംങ്കോട്, കൂടല്‍, ചീത്തപ്പാട് പ്രദേശങ്ങളിലുമാണ് വ്യാപകമായി നാളികേരം മോഷണം പോകുന്നത്. ആള്‍താമസം ഇല്ലാത്ത പ്രദേശങ്ങളില്‍ പകല്‍ സമയത്ത് പോലും നാളികേര മോഷണം വ്യാപകമാണ്.
കൂട്ടിയിട്ട തേങ്ങ മാത്രമല്ല, തെങ്ങില്‍ കയറി പറിച്ച് വരെ മോഷണം നടത്തുന്നുണ്ട്. സഹികെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. തേങ്ങ മോഷ്ടാക്കളെ പിടികൂടുന്നതിനായി തൊട്ടില്‍പാലം പൊലീസ് രാത്രികാല പട്രോളിങ് സജീവമാക്കിയിട്ടുണ്ട്.