ലോകമെമ്പാടുമായി 10,574 ഇന്ത്യന്‍ പൗരന്മാര്‍ ജയിലുകളില്‍ തടവില്‍, ഇതില്‍ 43 പേര്‍ക്ക് വധശിക്ഷ

 
jail

ഡല്‍ഹി: നിലവില്‍ 10,574 ഇന്ത്യന്‍ പൗരന്മാര്‍ ലോകത്തിലെ വിവിധ ജയിലുകളിലായി തടവിലുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 43 പേര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നല്‍കിയ വിവരമാണിത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സിലാണ് (യുഎഇ) ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തടവുകാരുള്ളത്, അവിടെ 2,773 ഇന്ത്യന്‍ പൗരന്മാര്‍ നിലവില്‍ ജയിലുകളിലാണെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ലോക്സഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

തൊട്ടുപിന്നാലെ സൗദി അറേബ്യ (2,379), നേപ്പാള്‍ (1,357) ഖത്തര്‍ (795), മലേഷ്യ (380), കുവൈറ്റ് (342), യുണൈറ്റഡ് കിംഗ്ഡം (323), ബഹ്റൈന്‍ (261), പാകിസ്ഥാന്‍ (246), ചൈന (183) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ ഇന്ത്യന്‍ തടവുകാരുടെ എണ്ണം.

അംഗോള, ബെല്‍ജിയം, കാനഡ, ചിലി, ഈജിപ്ത്, ഇറാഖ്, ജമൈക്ക, മൗറീഷ്യസ്, സെനഗല്‍, സീഷെല്‍സ്, ദക്ഷിണാഫ്രിക്ക, സുഡാന്‍, താജിക്കിസ്ഥാന്‍, യെമന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഓരോ ഇന്ത്യന്‍ തടവുകാരന്‍ മാത്രമേയുള്ളൂ.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെക്കുറിച്ച് പറയുകയാണെങ്കില്‍, ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിലാണ്, 21 ഇന്ത്യക്കാര്‍. സൗദി അറേബ്യ (7), ചൈന (4), ഇന്തോനേഷ്യ (3), കുവൈറ്റ് (2) എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നിലുണ്ട്.

അമേരിക്ക, മലേഷ്യ, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, യെമന്‍ എന്നിവിടങ്ങളില്‍ ഓരോ ഇന്ത്യക്കാരന് വധശിക്ഷ വിധിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web