'കണ്ണൂരിലെ ഏറ്റെടുക്കല്‍ അടിയന്തിരമായി നടപ്പാക്കണം'; പിണറായി വിജയന്‍ അഭിപ്രായം രേഖപെടുത്തിയ കിഫ്ബി ബോര്‍ഡ് രേഖ പുറത്ത്
തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരില്‍ അധിക വിലയ്ക്ക് ഭൂമി വാങ്ങാന്‍ മുന്‍കൈ എടുത്തത് മുന്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍. വിവാദമായ കണ്ണൂര്‍ കിഫ്ബി ഭൂമി ഏറ്റെടുക്കലിന് അടിയന്തിര നടപടിയ്ക്ക് നിര്‍ദേശം നല്‍കി എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു.
പദ്ധതിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞ് പിണറായി വിജയന്‍ അഭിപ്രായം രേഖപെടുത്തിയ കിഫ്ബി ബോര്‍ഡ് രേഖയാണ് പുറത്തുവന്നത്. വ്യവസായ വികസനത്തിന് അത്യാവശ്യമെന്ന് അഭിപ്രായം രേഖപ്പെടുത്തിയ കിഫ്ബി സിഇഒ യുമായുള്ള യോഗത്തിന്റെ വിവരങ്ങളാണിത്. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡിന്റെ 33-ാം ബോര്‍ഡ് യോഗത്തിന്റെ മിനിട്‌സ് അജണ്ടയാണിത്. 2018 ഒക്ടോബര്‍ 25നാണ് കിഫ്ബി സിഇഒ ആയ കെ എം എബ്രഹാം അടക്കം പങ്കെടുത്ത യോഗത്തിലാണ് കണ്ണൂരിലെ ഭൂമി ഏറ്റെടുക്കല്‍ അടക്കം ചര്‍ച്ചയായത്.
പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണം അതിനായുള്ള ഭൂമി അതിവേഗം ഏറ്റെടുക്കണം. എയര്‍പോര്‍ട്ട് പരിസര വികസനം അടക്കമുള്ള കാര്യങ്ങള്‍, വലിയ ഹോട്ടലുകള്‍ മറ്റ് സൗകര്യങ്ങള്‍ അടക്കമുള്ളവ അതിവേഗം പൂര്‍ത്തിയാക്കാന്‍ ഭൂമി ഏറ്റെടുക്കല്‍ ഒരുതരത്തിലും തടസ്സമാകരുത് എന്നും പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞതായി രേഖയില്‍ സൂചിപ്പിക്കുന്നു.
ഭൂമി ഘട്ടം ഘട്ടമായി ഏറ്റെടുക്കണം,1000 ഏക്കര്‍ ഭൂമിയാണ് പാലക്കാട്, കണ്ണൂര്‍ ജില്ലകളിലായി കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. കണ്ണൂരില്‍ ഏക്കറിന് 2.5 കോടിയും പാലക്കാട് ഏക്കറിന് 1 കോടിയും നിശ്ചയിച്ചത് കിന്‍ഫ്രയാണ്. അഞ്ചിരട്ടി തുക നല്‍കിയുള്ള ഏറ്റെടുക്കല്‍ ദുരൂഹത എന്നായിരുന്നു വിദഗ്ധ സമിതി വിലയിരുത്തല്‍. എന്നാല്‍ വ്യവസായ വികസനത്തിന് അത്യാവശ്യമെന്ന് പറഞ്ഞു ഏറ്റെടുത്ത കണ്ണൂരിലെ ഭൂമിയില്‍ ഒന്നും നടന്നില്ല