ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം; 10 വര്‍ഷത്തിന് ശേഷം പ്രതിക്ക് ശിക്ഷ

 
court

ചേര്‍ത്തല: യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിയായ യുവാവിന് പത്ത് വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 

എറണാകുളം ഇലഞ്ഞി സ്വദേശി രതീഷിനെയാണ് (25) ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ. ഇന്ദു ചന്ദന്‍ ശിക്ഷിച്ചത്. 

പിഴ തുക അടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് അനുഭവിക്കേണ്ടി വരും. ഇരയായ യുവതിക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ലീഗല്‍ എയ്ഡ് സെല്ലിനെ സമീപിക്കാനും കോടതി ഉത്തരവിട്ടു.

2015 നവംബര്‍ 11-നായിരുന്നു സംഭവം. കൊച്ചിയിലെ ജോലി കഴിഞ്ഞ് ട്രെയിനില്‍ ചേര്‍ത്തലയില്‍ എത്തി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ആഞ്ഞിലിപ്പാലത്തിന് സമീപത്തുവെച്ച് ബൈക്കിലെത്തിയ രതീഷ് ആസിഡ് ഒഴിക്കുകയായിരുന്നു. 

പമ്പാടി എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നിച്ച് പഠിച്ച ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മാസങ്ങളോളം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


സംഭവത്തിനിടെ പ്രതിയുടെ ശരീരത്തില്‍ പറ്റിയ ആസിഡ് പൊള്ളലുകളും ശാസ്ത്രീയ തെളിവുകളും കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായി. 

38 സാക്ഷികളെ വിസ്തരിക്കുകയും 41 രേഖകളും 23 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്ത വിചാരണയ്‌ക്കൊടുവിലാണ് പ്രോസിക്യൂഷന്‍ വിജയം കണ്ടത്. വിധി വന്നതിന് പിന്നാലെ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി.

Tags

Share this story

From Around the Web