ബിരിയാണിയെച്ചൊല്ലി വഴക്കിട്ടെന്ന് ആരോപണം; വിദ്യാര്‍ഥിനിയെ അധ്യാപിക വെയിലത്ത് നിര്‍ത്തിയത് മണിക്കൂറുകള്‍; പെണ്‍കുട്ടി ജീവനൊടുക്കി.

 
biriyani

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ ബിരിയാണിയെച്ചൊല്ലി വഴക്കിട്ടതിന്റെ പേരില്‍ അധ്യാപിക വെയിലത്ത് നിര്‍ത്തി ശിക്ഷിച്ച വിദ്യാര്‍ഥിനി ജീവനൊടുക്കി. 

ഫരീദാബാദ് നവോദയ വിദ്യാ നികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ബി.കെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫരീദാബാദിലെ ദാബുവ നിവാസിയാണ് മരിച്ച പെണ്‍കുട്ടി. ചൊവ്വാഴ്ച സ്‌കൂളില്‍വെച്ച് സഹപാഠികള്‍ തമ്മില്‍ ബിരിയാണിയെച്ചൊല്ലി വഴക്കുണ്ടായെന്നും എന്നാല്‍ തന്റെ മകള്‍ ഈ തര്‍ക്കത്തില്‍ പങ്കാളിയല്ലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.

 എന്നിട്ടും അധ്യാപിക മകളെ മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തി ശിക്ഷിക്കുകയായിരുന്നു. ഈ അപമാനം സഹിക്കാനാവാതെയാണ് കുട്ടി ജീവനൊടുക്കിയതെന്നും പിതാവ് പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.കെ ശര്‍മ്മ നിഷേധിച്ചു. പെണ്‍കുട്ടിയെ ശിക്ഷിച്ചിട്ടില്ലെന്നും ബാത്ത്റൂമില്‍ പോകണമെന്ന് പറഞ്ഞ് ക്ലാസില്‍ നിന്ന് ഇറങ്ങിയ കുട്ടി സ്‌കൂളിന്റെ മൂന്നാം നിലയിലെത്തി താഴേക്ക് ചാടുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ അധികൃതരില്‍ നിന്നും അധ്യാപകരില്‍ നിന്നും കുട്ടിയുടെ വീട്ടുകാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

Tags

Share this story

From Around the Web