അക്കൗണ്ട് ടെംപററിലി അണ്‍ അവൈലബിള്‍; പ്രവര്‍ത്തനരഹിതമായി ഫേസ്ബുക്ക്
ഞായറാഴ്ച പെട്ടെന്നുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി ഫേസ്ബുക്ക്. അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനും പ്ലാറ്റ്ഫോമിലെ പ്രധാന ഫീച്ചറുകള്‍ ഉപയോഗിക്കാനും സാധിക്കുന്നില്ലെന്നാണ് ഭൂരിഭാഗം ആളുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോഗിന്‍ ചെയ്യാനും ഫേസ്ബുക്ക് ഉപയോഗിക്കാനും ശ്രമിക്കുമ്പോള്‍ അക്കൗണ്ട് ടെംപററിലി അണ്‍അവൈലബിള്‍ എന്നാണ് കാണിക്കുന്നത്. ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ലോഗിന്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നതിനൊപ്പം, ന്യൂസ് ഫീഡ് അപ്ഡേറ്റുകള്‍ ലഭിക്കുന്നതില്‍ കടുത്ത കാലതാമസമോ തടസമോ നേരിടുന്നതായും ഉപയോക്താക്കള്‍ വ്യക്തമാക്കുന്നു. കൂടാതെ, ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യാനും ഫേസ്ബുക്കുമായി ബന്ധിപ്പിച്ചിട്ടുള്ള മെസഞ്ചര്‍ സര്‍വീസ് വഴി സന്ദേശങ്ങള്‍ അയക്കാനും പലര്‍ക്കും സാധിക്കുന്നില്ല.
ഫേസ്ബുക്ക് അക്കൗണ്ട് ടെംപററിലി അണ്‍അവൈലബിള്‍ ആണെന്ന രീതിയില്‍ ലഭിക്കുന്ന നോട്ടിഫിക്കേഷനുകള്‍ നിരവധി ഉപയോക്താക്കള്‍ എക്‌സില്‍ പങ്കുവെച്ചു. ഈ സാങ്കേതിക തകരാറിന്റെ യഥാര്‍ഥ കാരണമെന്താണെന്നതിനെക്കുറിച്ചോ, സേവനങ്ങള്‍ എപ്പോള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്നതിനെക്കുറിച്ചോ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളോ പ്രസ്താവനകളോ പുറത്തുവിട്ടിട്ടില്ല.