സമാധാനവും ജീവിത ലക്ഷ്യവും തേടി യുവതലമുറ ആത്മീയതയിലേക്ക് തിരിയുന്നതായി റിപ്പോര്‍ട്ടുകള്‍. 2025-ല്‍ ബൈബിള്‍ വില്‍പ്പനയില്‍ 19 ശതമാനം വര്‍ദ്ധനവ്
ആധുനിക ലോകത്തിന്റെ തിരക്കുകള്‍ക്കിടയില്‍ സമാധാനവും ജീവിത ലക്ഷ്യവും തേടി യുവതലമുറ ആത്മീയതയിലേക്ക് തിരിയുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ ക്രിസ്ത്യന്‍ പബ്ലിഷര്‍മാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025-ല്‍ ബൈബിള്‍ വില്‍പ്പനയില്‍ 19 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 6.3 ദശലക്ഷം പൗണ്ടിന്റെ ബൈബിളുകള്‍ വിറ്റഴിക്കപ്പെട്ടു. 2019-ല്‍ ഇത് വെറും 3.6 ദശലക്ഷം പൗണ്ട് മാത്രമായിരുന്നു. പണ്ട് പ്രായമായവര്‍ക്കിടയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഒന്നായി ബൈബിള്‍ വായനയെ കണ്ടിരുന്നെങ്കില്‍, ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. 'ജെന്‍ സി' (ഏലി ദ) വിഭാഗത്തില്‍പ്പെട്ട യുവാക്കളാണ് ഇപ്പോള്‍ ബൈബിള്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും.
സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം മൂലം ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തി നേടാനും, ജീവിതത്തിന് ഒരു കൃത്യമായ അര്‍ത്ഥം കണ്ടെത്താനുമാണ് യുവാക്കള്‍ വിശുദ്ധ ഗ്രന്ഥത്തെ ആശ്രയിക്കുന്നത്. 'ഇതൊരു വലിയ മാറ്റമാണ്.
ജീവിതത്തിലെ സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് മറുപടി തേടിയാണ് പുതിയ തലമുറ ബൈബിളിലേക്ക് എത്തുന്നത്. ക്വിസ് പുസ്തകങ്ങളുടെ വില്‍പ്പനയിലും ഇതോടൊപ്പം 24 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്ന് എസ്.പി.സി.കെ പബ്ലിഷിംഗ് ഡയറക്ടര്‍ ലോറന്‍ വിന്‍ഡില്‍ വ്യക്തമാക്കി.
വിശ്വാസത്തോടൊപ്പം തന്നെ സാംസ്‌കാരികമായ അറിവിനും വ്യക്തിത്വ വികാസത്തിനും ബൈബിള്‍ വായന സഹായിക്കുമെന്ന തിരിച്ചറിവാണ് ഈ വര്‍ദ്ധനവിന് പിന്നിലെ പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നത്.