സ്റ്റോപ്പില്ലാത്ത ട്രെയിനില്‍നിന്ന് സ്റ്റേഷനിലേക്ക് ചാടിയിറങ്ങാന്‍ ശ്രമിക്കവേ അപകടം; യുവാവിന് ദാരുണാന്ത്യം
ആലുവ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണ് യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അല്‍ത്താഫ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈതിരുവനന്തപുരം മെയില്‍ ട്രെയിനില്‍നിന്ന് ആലുവ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
ആലുവ സ്റ്റേഷനില്‍ സ്റ്റോപ്പില്ലാതിരുന്ന ട്രെയിന്‍ വേഗത കുറച്ചപ്പോള്‍ അല്‍ത്താഫ് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അല്‍ത്താഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദീര്‍ഘകാലം പ്രവാസിയായിരുന്ന അല്‍ത്താഫ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംഭവത്തില്‍ റെയില്‍വേ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.