പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ്
കോട്ടയം: പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.
കുമളികോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സിഎംഎസ് ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് പാമ്പാടി പൊലീസ് കേസെടുത്തത്. റോഡിലിറങ്ങി അലക്ഷ്യമായി സംസാരിച്ചുനിന്നവരും അപകടത്തിന് ഉത്തരവാദികളാണെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കെ.കെ റോഡില്‍ പതിമൂന്നാം മൈലില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.40ഓടെയാണ് അപകടമുണ്ടായത്. പാമ്പാടിയില്‍നിന്ന് പുളിക്കല്‍ കവലയിലേക്ക് പോവുകയായിരുന്ന മീനടം സ്വദേശികളായ ആഷ്ലി, കൃപ എന്നിവര്‍ സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്.
റോഡിലേക്ക് ഇറങ്ങിനിന്ന് സംസാരിച്ചിരുന്ന രണ്ടുപേരെ ഇടിക്കാതിരിക്കാന്‍ മുന്നില്‍ പോയ കാര്‍ ബ്രേക്ക് ചെയ്തതോടെ പിന്നില്‍ വന്ന സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. എതിര്‍ദിശയില്‍ വന്ന കുമളികോട്ടയം റൂട്ടിലെ സിഎംഎസ് ബസിനടിയിലേക്ക് സ്‌കൂട്ടര്‍ യാത്രക്കാര്‍ വീണു. ഇരുവരുടെയും ശരീരത്തിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങിയതോടെ തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡില്‍ അലക്ഷ്യമായി നില്‍ക്കുന്നതിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് സമൂഹമാധ്യമങ്ങളില്‍ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു. 'സൊറ പറയാനുള്ള ഇടമല്ല റോഡ്' എന്ന മുന്നറിയിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.