നീണ്ടകരയിലെ അപകടം; ഗൗതം കൃഷ്ണയെ കാണാതായിട്ട് 7 ദിവസം, തെരച്ചില്‍ ഊര്‍ജിതമാക്കുമെന്ന് ഉറപ്പ് നല്‍കി മന്ത്രിമാര്‍, അമ്മയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇടപെടല്‍
കൊല്ലം: നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കും. ഇടപെടുമെന്ന് ഉറപ്പ് നല്‍കി മന്ത്രിമാര്‍.
വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അബ്ദുള്‍ ഗഫൂര്‍ വ്യക്തമാക്കി.
കൊല്ലം കമ്മീഷണറുമായി സംസാരിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അറിയിച്ചു. വളളം മറിഞ്ഞ് ഗൗതം കൃഷ്ണയെ കാണാതായിട്ട് ഏഴ് ദിവസം പിന്നിട്ടിരിക്കുകയാണ്.
കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഫലം കാണാത്തതില്‍ അമ്മ രേഷ്മ നീണ്ടകരയിലെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസും ഫിഷറീസ് ഉദ്യേഗസ്ഥരും ആദ്യം രേഷ്മയുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല.
തെരച്ചില്‍ നടത്തുന്നതില്‍ കുടുംബം ആവശ്യം ഉന്നയിക്കാന്‍ വൈകിയെന്ന ഉദ്യോഗസ്ഥയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അമ്മ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോയി. കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്ന രേഷ്മയുമായി വീണ്ടും ഉദ്യേഗസ്ഥര്‍ ചര്‍ച്ച നടത്തി.
നാളെ രാവിലെ മുതല്‍ വിദഗ്ധ സംഘം തെരച്ചില്‍ നടത്തുമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു. 26 കാരനായ ഗൗതം കൃഷ്ണയെ കാണാതായിട്ട് ഇന്ന് ഏഴാം ദിവസമാണ്. ഗൗതത്തിന്റെ അച്ഛനും മുത്തച്ഛനും അപകടത്തില്‍ മരിച്ചിരുന്നു.