നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ ജീവനെടുത്ത അപകടം; മദ്യപിച്ച് കാറോടിച്ച 19കാരനെതിരെ എക്സൈസ് കേസെടുത്തു

 
SUHAIL 1


എറണാകുളം: നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍, മദ്യപിച്ച് കാറോടിച്ച 19 കാരനായ സുഹൈല്‍ സജീവിനെതിരെ എക്സൈസ് കേസെടുത്തു. മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള നിയമപരമായ പ്രായം 23 ആയിരിക്കെ, പ്രായപൂര്‍ത്തിയാകാത്ത സുഹൈല്‍ മദ്യം ഉപയോഗിച്ചതാണ് എക്സൈസിന് കേസെടുക്കാന്‍ കാരണം. പ്രതിയെ ഉടന്‍ തന്നെ എക്സൈസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യും.

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത യുവാവിന് മദ്യം വിളമ്പിയ എറണാകുളം നഗരത്തിലെ രണ്ട് ബാറുകള്‍ക്കും നെടുമ്പാശേരിയിലെ ഒരു ബാറിനുമെതിരെയും എക്സൈസ് കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ മൂന്ന് ബാറുകള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ ശിപാര്‍ശ ചെയ്ത് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, എക്സൈസ് കമ്മീഷണര്‍ക്ക് ഉടന്‍ ഔദ്യോഗിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും.


അപകടസമയത്ത് വാഹനം മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗതയിലായിരുന്നു ഓടിച്ചിരുന്നതെന്ന് പ്രതി സുഹൈല്‍ മൊഴി നല്‍കിയിട്ടുണ്ട്. മദ്യലഹരിയില്‍ അമിതവേഗതയില്‍ വാഹനം ഓടിക്കാന്‍ സുഹൈലിന് പ്രേരണ നല്‍കിയ സുഹൃത്തുക്കള്‍ക്കെതിരെയും പോലീസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന നിനവ്, അമീര്‍, ജോയല്‍ എന്നിവരെയും പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ സുഹൈലിനെയും നിനവിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അപകടത്തിന് ശേഷം അമീറും ജോയലും മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നുവെന്നും, അമീര്‍ ഒഴികെ കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരും മദ്യപിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

Tags

Share this story

From Around the Web