ഓട്ടോണമസ് കോളജുകള്‍ക്ക് അക്കാദിമ സ്വാതന്ത്ര്യം: സര്‍ക്കാരിന് അഭിനന്ദനവുമായി മാര്‍ തറയില്‍
ചങ്ങനാശേരി: കേരളത്തിലെ ഏറ്റവും മികച്ച കലാലയങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഓട്ടോണമസ് പദവി നല്‍കുന്നതെന്നും ആ പദവി ലഭിച്ചിട്ടും ഒരു പുതിയ കോഴ്സുപോലും തുടങ്ങാനാവാതെ നൂലാമാലകളില്‍പെട്ടു കിടക്കുന്ന കോളേജുകള്‍ക്ക് വലിയ അക്കാദമിക സ്വാതന്ത്ര്യം നല്‍കിയ സര്‍ക്കാരിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും കെസിബിസി സെക്രട്ടറി ജനറലും ചങ്ങനാശേരി അതിരൂപത ആര്‍ച്ചുബിഷപ്പുമായ മാര്‍ തോമസ് തറയില്‍.
പുതിയ കാലത്തെ കോഴ്‌സുകള്‍ പഠിക്കുവാന്‍ കുട്ടികള്‍ക്ക് കേരളത്തിനു പുറത്തേക്ക് പോകണം എന്ന ദുരവസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍ ഈ ഉത്തരവ് നിര്‍ണായകമാകും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികള്‍ കേരളത്തിലേക്ക് വരാത്തതിന്റെ കാരണങ്ങള്‍ പഠിച്ചതുകൊണ്ടാകാം ഉന്നത വിദ്യാഭ്യാസവകുപ്പ് ഇപ്രകാരമൊരു തീരുമാനമെടുത്തതെന്നും മാര്‍ തറയില്‍ ചൂണ്ടിക്കാട്ടി.
ഈ തീരുമാനം ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് കേരളത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളെയാണ്. നാട്ടില്‍തന്നെ മികച്ച കോഴ്സുകള്‍ പഠിക്കാനാകുന്നത് സാമ്പത്തികഭാരം ലഘുകരിക്കും.
ഓട്ടോണമസ് കോളേജുകള്‍ നടത്തുന്ന മാനേജ്മെന്റുകളെ 'മുതലാളിമാര്‍' എന്നും 'വിദ്യാഭ്യാസ കച്ചവടക്കാര്‍' എന്നും വിളിച്ച് ആക്ഷേപിക്കുന്നവര്‍ നമ്മുടെ വിദ്യാഭ്യാസരംഗത്തെ തന്നെയാണ് ആക്ഷേപിക്കുന്നത്.
ഗവണ്‍മെന്റ് കോളേജുകളിലും എയ്ഡഡ് മേഖലയിലും കോഴ്‌സുകള്‍ പുനക്രമീകരിച്ചുകൊണ്ടും ന്യൂജന്‍ കോഴ്സുകള്‍ അനുവദിച്ചുകൊണ്ടും ഫീസ് ഇല്ലാതെ പഠിക്കുവാനുള്ള സാഹചര്യം സര്‍ക്കാരിന് അധികബാധ്യതയില്ലാതെ സൃഷ്ടിക്കാവുന്ന തേയുള്ളൂ.
സര്‍ക്കാരിന്റെ നിലപാടിനനുസൃതമായി യൂണിവേഴിസിറ്റികള്‍ തുറന്ന മനസോടെ ആവശ്യമായ നയങ്ങളും ചട്ടങ്ങളും രൂപീകരിച്ച് കോളജുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു.