രാജ്യത്തെ സ്വര്‍ണ വായ്പകളില്‍ 80 ശതമാനവും ദക്ഷിണേന്ത്യയില്‍. ഒന്നാം സ്ഥാനത്ത് തമിഴ്നാട്, കേരളം അഞ്ചാമത്
സ്വര്‍ണവായ്പകളില്‍ വന്‍ മുന്നേറ്റവുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. രാജ്യത്തെ ആകെ സ്വര്‍ണവായ്പയുടെ 80 ശതമാനവും കേരളം ഉള്‍പ്പെടെയുള്ള അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് എടുത്തിരിക്കുന്നത്.
മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയ 11.31 ലക്ഷം കോടി രൂപയുടെ സ്വര്‍ണവായ്പയില്‍ 9 ലക്ഷം കോടിയും ഈ സംസ്ഥാനങ്ങളിലാണ് വിതരണം ചെയ്തത്.
തമിഴ്‌നാടാണ് സ്വര്‍ണവായ്പ സ്വീകരിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് (4.11 ലക്ഷം കോടി). ആന്ധ്രപ്രദേശ് (2.22 ലക്ഷം കോടി), കര്‍ണാടക (98,962 കോടി), തെലങ്കാന (92,394 കോടി) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 83,657 കോടി രൂപയുടെ വായ്പയുമായി കേരളം അഞ്ചാം സ്ഥാനത്താണ് ഉള്ളത് എന്ന് കേന്ദ്രധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ വ്യക്തമാക്കി.
സ്വര്‍ണവിലയിലുണ്ടായ മുന്നേറ്റമാണ് വായ്പകള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം. വായ്പ കൂടിയെങ്കിലും തിരിച്ചടവ് മുടങ്ങാറില്ലാത്തത് നേട്ടമാണ്.
പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം 2025-ല്‍ 1.9 ശതമാനമായിരുന്നത് 2026 മാര്‍ച്ചില്‍ 1.2 ആയി കുറഞ്ഞു.
എന്‍.ബി.എഫ്.സികളിലും തിരിച്ചടവ് മുടക്കം ആയിരത്തില്‍ 23 എന്നതില്‍ നിന്ന് 8 ആയി ചുരുങ്ങിയിട്ടുണ്ട്.
ഗ്രാമീണ ജനതയ്ക്കും ചെറുകിട സംരംഭങ്ങള്‍ക്കും എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാന്‍ ഇത് സഹായിച്ചു.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, വായ്പ ലേലത്തിലേക്കു പോകുന്നതിന് മുന്‍പ് നോട്ടിസ് നല്‍കി ഒരു മാസം സാവകാശം നല്‍കണമെന്നതുള്‍പ്പെടെയുള്ള കര്‍ശന നിര്‍ദേശങ്ങള്‍ ആര്‍.ബി.ഐ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുമുണ്ട്.