ശ്രീകാര്യത്തെ അഭിറാമിന്റെ കൊലപാതകം: കൃത്യം നടത്തിയത് ഒറ്റയ്ക്കെന്ന് പതിനേഴുകാരന്‍, രണ്ട് പേര്‍ അറസ്റ്റില്‍, ചോദ്യം ചെയ്യലിന് ശേഷം പെണ്‍കുട്ടിയെയും കേസില്‍ പ്രതിചേര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം

 
abhiram

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് പതിനേഴ് വയസുള്ള അഭിറാമിനെ കൊലപ്പെടുത്തിയതില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത 17കാരന്റെയും ഇയാളുടെ സുഹൃത്ത് ഉമറിന്റെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. അഭിറാമിനെ കൊന്നത് താന്‍ ഒറ്റയ്ക്കാണെന്നാണ് 17കാരന്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.


 ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. അതിനിടെ കസ്റ്റഡിയിലുള്ള മണക്കാട് സ്വദേശിയായ പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടത്തല്‍. അഭിറാമിനെ ഈ പെണ്‍കുട്ടിയാണ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. 


വിശദമായി ചോദ്യം ചെയ്ത ശേഷം പെണ്‍കുട്ടിയെയും കേസില്‍ പ്രതിചേര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അഭിരാമിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.


കൊലപാതകത്തിന് പിന്നില്‍ പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കമെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയും കൊലപാതകം നടത്തിയ 17കാരനും പ്രണയത്തിലായിരുന്നുവെന്നും കൊല്ലപ്പെട്ട അഭിറാം പെണ്‍കുട്ടിക്ക് മെസ്സേജ് അയച്ചതാണ് കൊലപാതത്തിന് കാരണമെന്നും പൊലീസ് പറയുന്നു. അതിനിടെ പൊലീസിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. പരാതി നല്‍കിയിട്ടും കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് ഇവരുടെ ആരോപണം.


ഞായറാഴ്ച ഉച്ചയോടെയാണ് അഭിരാമിനെ തേടി 17കാരിയായ പെണ്‍ സുഹൃത്തിന്റെ ഇന്‍സ്റ്റഗ്രാം വഴിയുള്ള കോള്‍ എത്തുന്നത്. പിന്നാലെ വീട്ടില്‍ നിന്ന് ഇറങ്ങിയ അഭിറാം രാത്രി വൈകിയും തിരിച്ചെത്തിയില്ല. രാത്രി ബന്ധുക്കള്‍ ശ്രീകാര്യം സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് വേണ്ട രീതിയില്‍ അന്വേഷണം നടത്തിയില്ല എന്നാണ് ആരോപണം.


തിങ്കളാഴ് വൈകിട്ട് അഞ്ചരയോടെ വീട്ടില്‍നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ അഭിരാമിന്റെ മൃതദേഹം കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് 17കാരനിലേക്കും പത്ത് മണിയോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍സുഹൃത്തിലേക്കും എത്തിയത്.


കസ്റ്റഡിയിലുള്ള പെണ്‍കുട്ടിക്ക് കൊല്ലപ്പെട്ട അഭിറാം ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയച്ചിരുന്നു. ഇതാണ് പെണ്‍കുട്ടിയുടെ 17കാരനായ സുഹൃത്തിനെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടിയെ കൊണ്ട് ഇന്‍സ്റ്റഗ്രാം വഴി കോള്‍ ചെയ്യിച്ച് അഭിരാമിനെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ബെല്‍റ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവസ്ഥലത്ത് ഉമര്‍ എന്ന പ്രതിയുടെ സുഹൃത്തുമുണ്ടായിരുന്നു. 


ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉമറിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ശേഷം ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കനത്ത പ്രതിഷേധത്തിനിടെയായിരുന്നു തെളിവെടുപ്പ്. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Tags

Share this story

From Around the Web