അഭിറാമിന്റെ മരണം: നിര്‍ണായക തെളിവ് പൊലീസിന്, അഭിറാമിന്റെ മൊബൈല്‍ ഫോണും ബെല്‍റ്റും കണ്ടെത്തി

 
abhiram 1

തിരുവനന്തപുരം: പങ്ങപ്പാറ അഭിരാം വധക്കേസില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന്. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ബെല്‍റ്റും ഫോണും കണ്ടെത്തി. പ്രതി ഉമറുമായുള്ള തെളിവെടുപ്പിനിടെ കിണറില്‍ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു സാധനങ്ങള്‍. കിണറിലെ വെള്ളം വറ്റിച്ചായിരുന്നു പൊലീസ് പരിശോധന.

അഭിറാമിനെ അപായപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍, അഭിരാം ധരിച്ചിരുന്ന വെള്ളി മാല, ഷര്‍ട്ട് എന്നിവയാണ് കണ്ടെത്തിയത്. 

കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുള്ള കിണര്‍ വറ്റിച്ചായിരുന്നു പൊലീസ് പരിശോധന. അഭിറാമിനെ ഒന്നാം പ്രതിയായ പതിനേഴുവയസുകാരന്‍ ഇന്‍സ്റ്റാഗ്രാമില്‍ സന്ദേശങ്ങള്‍ അയച്ചാണ് കൊലപാതകം നടന്ന വിജനമായ സ്ഥലത്തേക്ക് എത്തിച്ചത്.


നിലവില്‍ കണ്ടെത്തിയ ഫോണ്‍ കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ തെളിവുകള്‍ എവിടെയെന്ന ചോദ്യത്തിന് പ്രതികള്‍ നല്‍കിയത് വ്യത്യസ്തങ്ങളായ മറുപടികളായിരുന്നു.

 ശേഷം വീണ്ടും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിലൂടെ എല്ലാം കിണറില്‍ കെട്ടി താഴ്ത്തിയെന്ന് ഉമര്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്നായിരുന്നു ഫയര്‍ ഫോഴ്‌സിന്റെയും സ്‌കൂബ ടീമിന്റെയും സഹായത്തോടെ കിണറിലെ പരിശോധന.

വരും ദിവസങ്ങളില്‍ പൊലീസ് മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. കസ്റ്റഡി കാലാവധി കഴിയുന്നതോടെ ഉമര്‍ അടക്കമുള്ള മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത.
 

Tags

Share this story

From Around the Web