കൊല്ലാന്‍ പദ്ധതിയിട്ടത് പെണ്‍കുട്ടിയുടെ ആദ്യ കാമുകനെ, ഇരയായത് അഭിറാം; വായില്‍ തുണി തിരുകി മര്‍ദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി
തിരുവനന്തപുരം: ശ്രീകാര്യത്തെ പതിനേഴുകാരന്‍ അഭിറാമിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തങ്ങള്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത് അഭിറാമിന്റെ സുഹൃത്തിനെയായിരുന്നുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അഭിറാമിന്റെ ഈ സുഹൃത്ത് പെണ്‍കുട്ടിയുടെ ആദ്യ കാമുകനായിരുന്നു.
ഈ കാമുകനെ വിളിച്ചുവരുത്താന്‍ ഒന്നാം പ്രതിയും സുഹൃത്തും അഭിറാമിനെ നിര്‍ബന്ധിച്ചു. ഇതിന് അഭിറാം തയ്യാറാകാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഒന്നാം പ്രതി കഴുത്തില്‍ ബെല്‍റ്റ് അമര്‍ത്തി കൊലപ്പെടുത്തിയെന്നും മൊഴിയുണ്ട്.
പെണ്‍കുട്ടിയുടെ ആദ്യ കാമുകനെയും കൂട്ടി വരാനായിരുന്നു പ്രതികള്‍ അഭിറാമിനോട് നിര്‍ദേശിച്ചിരുന്നത്. പക്ഷേ അഭിറാം ഒറ്റയ്ക്ക് പോവുകയായിരുന്നു. സ്ഥലത്തെത്തിയ അഭിറാമിനോട് സുഹൃത്തിനെ വിളിച്ചുവരുത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അഭിറാം അതിന് വഴങ്ങിയില്ല. ഇതോടെ വാക്കുതര്‍ക്കമുണ്ടാവുകയും അഭിറാമിനെ പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.
അതിക്രൂരമായ കൊലപാതകമാണ് 21ഉം 17ഉം വയസുള്ള പ്രതികള്‍ നടത്തിയിരിക്കുന്നത്. ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. ആദ്യം കെട്ടിയിട്ടോ കൈകാലുകള്‍ ബന്ധിച്ചോ ക്രൂരമായി മര്‍ദിച്ചിട്ടുണ്ടാകാമെന്നും കരുതുന്നു. അഭിറാമിന്റെ മുഖത്തും ശരീരത്തിലും മര്‍ദനമേറ്റ പാടുകളുണ്ട്.
മരിച്ചെന്ന് മനസ്സിലായതോടെ ചാക്കുകൊണ്ട് പകുതി ഭാഗം മറച്ച് ഉണങ്ങിയ വാഴയിലകള്‍ കൊണ്ട് മൃതദേഹം മൂടിയിട്ട ശേഷം പ്രതികള്‍ വീടുകളിലേക്ക് പോവുകയായിരുന്നു. കൊലപാതകത്തിന് മുന്‍പ് കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും 17കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം കേസില്‍ അറസ്റ്റിലായ എസ്.ഉമര്‍ മോഷണക്കേസുകളിലടക്കം പ്രതിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.