അഭിറാം കൊലക്കേസ്: കൊല്ലാന്‍ ഉപയോഗിച്ച ബെല്‍റ്റ് എവിടെ? തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്; ഫോണ്‍ കണ്ടെത്താനും പരിശോധന
തിരുവനന്തപുരം: ശ്രീകാര്യം അഭിറാം കൊലപാതകക്കേസില്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമം തുടര്‍ന്ന് പൊലീസ്. കൊല്ലാന്‍ ഉപയോഗിച്ച ബെല്‍റ്റും അഭിറാമിന്റെ ഫോണും കണ്ടെത്താന്‍ കൊലപാതകം നടന്ന സ്ഥലത്ത് പൊലീസിന്റെ പരിശോധന തുടരുകയാണ്. കേസിലെ പ്രധാനപ്പെട്ട തെളിവുകളായ ബെല്‍റ്റും ഫോണും പ്രതികള്‍ ഒളിപ്പിച്ചിരിക്കുകയാണ്.
കേസിലെ രണ്ടും മൂന്നും പ്രതികളായ ഉമറിനെയും അനന്തയെയും രണ്ട് ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നെങ്കിലും ബെല്‍റ്റും ഫോണും എവിടെയാണെന്ന് വെളിപ്പെടുത്താന്‍ പ്രതികള്‍ തയ്യാറായില്ല. ഇപ്പോള്‍ ഒന്നാം പ്രതിയെയും മറ്റൊരു പ്രതിയായ ഐശ്വര്യയെയും ഉള്‍പ്പെടെ കസ്റ്റഡിയില്‍ വാങ്ങി തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. എന്നാല്‍ പ്രതികള്‍ അന്വേഷണവുമായി കാര്യമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഈ തെളിവുകള്‍ കൊലപാതകം നടന്ന പ്രദേശത്ത് തന്നെ എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസുള്ളത്.
കഴക്കൂട്ടം എ.സി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. പ്രതികള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടക്കുന്നത്. പ്രതികളെ നിലവില്‍ സ്ഥലത്ത് എത്തിച്ചിട്ടില്ല; തെളിവുകള്‍ ലഭിച്ചാല്‍ അവരെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.