അഭിജീത് ദീപ്‌കെയുടെ മുത്തശ്ശി മരിച്ചു; അന്ത്യകര്‍മങ്ങള്‍ക്കായി പോകണോ കസ്റ്റഡിയില്‍ തുടരണോയെന്ന് ദീപ്‌കെയ്ക്ക് തീരുമാനിക്കാമെന്ന് പൊലീസ്

 
ABEEJEETH DEEPKE


 
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യാനെത്തി പൊലീസ് കസ്റ്റഡിയിലായ കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ മുത്തശ്ശി സാവിത്രിഭായ് ശങ്കര്‍ ദീപ്‌കെ (85) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലുള്ള സ്വന്തം ഗ്രാമമായ സന്തുക് പിംപ്രിയിലായിരുന്നു അന്ത്യം.

മുത്തശ്ശിയുടെ മരണവിവരം ഡല്‍ഹി പൊലീസ് അഭിജീത് ദീപ്‌കെയെ അറിയിച്ചു. കസ്റ്റഡിയില്‍ തുടരണോ അതോ മുത്തശ്ശിയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി തിരികെ പോകണോയെന്നത് അഭിജീത് ദീപ്‌കെയ്ക്ക് തീരുമാനിക്കാമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. തീരുമാനം അദ്ദേഹത്തിന്റെ ഇഷ്ടമാണെന്നും പൊലീസ് വ്യക്തമാക്കി.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയതായിരുന്നു ദീപ്‌കെ. സഹപ്രവര്‍ത്തകരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്കൊപ്പം ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ഉടന്‍ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.


ജന്തര്‍മന്തറിലെ പ്രതിഷേധ വേദിയിലെത്തുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ നേതാക്കളെ പൊലീസ് തടഞ്ഞുവെച്ചതായി കാണിക്കുന്ന വീഡിയോ ദീപ്‌കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 'ഇന്ദിരാഗാന്ധി പോലും ഇത്തരത്തില്‍ ചെയ്തിട്ടില്ല, അറസ്റ്റ് വരിക്കാന്‍ വേണ്ടി തന്നെയാണ് ഞാന്‍ ഡല്‍ഹിയിലേക്ക് വന്നത്,' എന്ന് പൊലീസുകാര്‍ കസ്റ്റഡിയിലെടുക്കുന്നതിനിടെ അഭിജീത് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

Tags

Share this story

From Around the Web