ആധാര്‍ പൗരത്വ രേഖയല്ല, ഇങ്ങനെ ചില കാര്യങ്ങള്‍ കൂടിയുണ്ട്: യുഐഡിഎഐ മേധാവി
 

 
aadhar


ന്യൂഡല്‍ഹി:ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (ഡകഉഅക) മേധാവി ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി. 


കുട്ടികള്‍ക്കും വിദേശ പൗരന്മാര്‍ക്കും വരെ അപേക്ഷിക്കാന്‍ കഴിയുന്നതിനാലാണ് ആധാര്‍ പൗരത്വ രേഖയായി കണക്കാക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കുറഞ്ഞത് 182 ദിവസം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് ആധാര്‍ ലഭ്യമാകും.

അതേസമയം തിരിച്ചറിയല്‍ രേഖയായി ആധാര്‍ അംഗീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് തിരിച്ചറിയല്‍ രേഖകളില്‍ പേര്, വയസ്, ചിത്രം മുതലായവ മാത്രമേ ഉള്‍പ്പെടുന്നുള്ളു. 


എന്നാല്‍ ആധാറില്‍ പത്ത് വിരലടയാളങ്ങള്‍, രണ്ട് ഐറിസ് സ്‌കാന്‍, മുഖച്ഛായ തുടങ്ങി പതിമൂന്നോളം ബയോമെട്രിക് ഘടകങ്ങളാണ് ഉള്ളത്. ഇക്കര്യങ്ങള്‍ കൃത്യമായാല്‍ മാത്രമേ ആധാര്‍ ഉണ്ടാക്കാന്‍ കഴിയു.

സെന്‍ട്രല്‍ ഐഡന്റിറ്റീസ് ഡാറ്റ റെപോസിറ്ററിയില്‍ ശേഖരിക്കുന്ന ഇത്തരം ബയോമെട്രിക് വിവരങ്ങള്‍ മുഖാന്തിരമാണ് തിരിച്ചറിയല്‍ ഉറപ്പാക്കുന്നത്. ഇപ്പോള്‍ 142 കോടിയോളം വിവരങ്ങള്‍ ഈ ഡാറ്റാബേസില്‍ സൂക്ഷിച്ചിരിക്കുകയാണ്. 


ഇതൊരിക്കലും വ്യാജമായി സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നതാണ് ആധാറിന്റെ പ്രത്യേകത. അതിനാല്‍ തന്നെ ഇതിനെ ''ഫൗണ്ടേഷണല്‍ ഐഡി'' എന്നും വിളിക്കുന്നു. ക്യുആര്‍ കോഡ് വഴിയുള്ള വെരിഫിക്കേഷനും ആധാറിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നു. 


യുഐഡിഎഐ ഡിജിറ്റലി സൈന്‍ ചെയ്തിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍, ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലാതെ തന്നെ വിവരങ്ങള്‍ ലഭ്യമാകും.

പ്രായപരിധിയില്ലാതെ കുട്ടികള്‍ക്കും, റെസിഡന്റ് ഇന്ത്യന്‍സിനും, എന്‍ആര്‍ഐകള്‍ക്കും, വിദേശികള്‍ക്കും വരെ ആധാര്‍ ലഭിക്കും. നേപ്പാള്‍, ഭൂട്ടാന്‍, ഒസിഐ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്കും 182 ദിവസം കഴിഞ്ഞാല്‍ ആധാര്‍ ലഭിക്കും. 


എന്നാല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ള എന്‍ആര്‍ഐകള്‍ക്ക് ഈ 182 ദിവസ നിയമം ബാധകമല്ല. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ആധാര്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുഐഡിഎഐ മേധാവിയുടെ ഈ പ്രതികരണം പുറത്തുവന്നത്.

Tags

Share this story

From Around the Web