ഒക്ടോബർ 1 മുതൽ സബ്‌സിഡി എൽ.പി.ജി ലഭിക്കാൻ ആധാർ ഇ-കെ.വൈ.സി നിർബന്ധം

 
Sylinder

കോഴിക്കോട്: ഗാർഹിക ആവശ്യത്തിനുള്ള സബ്‌സിഡി പാചകവാതക (എൽ.പി.ജി) റീഫില്ലുകൾക്ക് ഒക്ടോബർ ഒന്നു മുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്‍റിക്കേഷൻ (ഇ-കെ.വൈ.സി) നിർബന്ധമാക്കുന്നു.

 ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് 14.2 കിലോഗ്രാം ഭാരമുള്ള സബ്‌സിഡി സിലിണ്ടറുകൾ ലഭ്യമാകില്ല. ഇവർക്ക് വിപണി വിലയിൽ അഞ്ച് കിലോ, 10 കിലോ അളവുകളിലുള്ള ചെറിയ സിലിണ്ടറുകൾ മാത്രമേ വിതരണം ചെയ്യൂ എന്ന് അധികൃതർ വ്യക്തമാക്കി.

നിശ്ചിത സമയപരിധിക്കുള്ളിൽ ആധാർ ബയോമെട്രിക് പൂർത്തിയാക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും സബ്‌സിഡി നിരക്കിൽ ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി റീഫില്ലുകൾ ലഭിക്കുക. ബയോമെട്രിക് ഓതന്‍റിക്കേഷൻ പൂർത്തിയാക്കാൻ സാധിക്കാത്തവർക്കോ അതിന് സന്നദ്ധരല്ലാത്തവർക്കോ സബ്‌സിഡി ആനുകൂല്യങ്ങൾ നഷ്ടപ്പെടും.

ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത കുടുംബങ്ങൾക്ക് ഇനി മുതൽ വിപണിയിലെ കൂടിയ വില നൽകേണ്ടിവരുമെന്ന് മാത്രമല്ല, വലിയ സിലിണ്ടറുകൾക്ക് പകരം ചെറിയ അളവിലുള്ള സിലിണ്ടറുകൾ വാങ്ങി പാചകവാതക ആവശ്യങ്ങൾ നിറവേറ്റേണ്ടിയും വരും.

അതേസമയം, ഇതിനകം ആധാർ വിരലടയാള/ബയോമെട്രിക് പരിശോധന വിജയകരമായി പൂർത്തിയാക്കിയ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ മുൻപത്തെപ്പോലെ തന്നെ നിശ്ചിത സബ്‌സിഡി നിരക്കിൽ 14.2 കിലോ സിലിണ്ടറുകൾ ലഭ്യമാകും. എൽ.പി.ജി വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനും യഥാർത്ഥ ഗുണഭോക്താക്കൾക്ക് മാത്രം സബ്‌സിഡി ലഭ്യമാക്കുന്നതിനുമാണ് കേന്ദ്ര സർക്കാർ ഈ നടപടി കർശനമാക്കുന്നത്.

Tags

Share this story

From Around the Web