സംസ്ഥാനത്ത് ബാറിലിരുന്ന് മദ്യം കഴിക്കാനോ വാങ്ങാനോ പോകുന്നവർക്ക് ഇനി മുതൽ ആധാർ കാർഡ് നിർബന്ധമാക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറിൽ കയറി മദ്യം കഴിക്കാൻ വരുന്നവർക്ക് ഇനി എളുപ്പമാകില്ല കാര്യങ്ങൾ. ബാറിലിരുന്ന് മദ്യം കഴിക്കാനും വാങ്ങാനും വരുന്നവർക്ക് ആധാർകാർഡ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ .
മദ്യം കഴിക്കാനെത്തുന്നവരുടെ ആധാർ കാർഡുകൾ ബാറിൽ പരിശോധിച്ച് മാത്രമേ മദ്യം നൽകാവൂ എന്നാണ് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു അറിയിച്ചിരിക്കുന്നത്.
മാത്രമല്ല ഇതിന്റെ പൂർണ ഉത്തരവാദിത്വം ബാർ ലൈസൻസുകാർക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
കേരളത്തിൽ മദ്യം ഉപയോഗിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 വയസാണ്. നെടുമ്പാശേരിയിൽ മിനികൂപ്പർ സ്കൂട്ടറിൽ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
മിനികൂപ്പർ ഓടിച്ചിരുന്ന സുഹൈൽ സജീവിന് 19 വയസ് മാത്രമാണ് പ്രായം. അപകടം ഉണ്ടാക്കുന്നതിന് മുമ്പ് സുഹൈൽ കൊച്ചിയിലെ 4 ബാറുകളിൽ കയറി മദ്യപിച്ചിരുന്നുവെന്നും തെളിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാറിൽ മദ്യപിക്കാൻ വരുന്നവർക്ക് ആധാർ കാർഡ് നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.
ബാറിൽ മാത്രമല്ല ബിവറേജിലും മദ്യം വാങ്ങാൻ എത്തുന്നവരുടെ ആധാർ കാർഡുകൾ നിർബന്ധമായും പരിശോധിക്കണമെന്നും എക്സൈസ് മന്ത്രി അറിയിച്ചിട്ടുണ്ട്.
ബാറിൽ വരുന്നവർക്ക് 21 വയസിന് താഴെയാണ് പ്രായമെന്ന് സംശയം തോന്നിയാൽ ആധാർ കാർഡ് പരിശോധിച്ച് കൃത്യമാണോ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമായിരിക്കും മദ്യം നൽകാൻ വ്യവസ്ഥയുണ്ടാകൂ.