ആധാര്‍ പൗരത്വരേഖയായി കണക്കാനാകില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം ശരിവച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി:ആധാര്‍ പൗരത്വരേഖയായി കണക്കാക്കാനില്ലെന്ന തിരിഞ്ഞെടുപ്പ് കമ്മീഷന്‍ വാദം ശരിവച്ച് സുപ്രീം കോടതി. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി പരാമര്‍ശം.
ബിഹാറിലെ വോട്ടര്‍ പരിഷ്‌ക്കരണത്തെ ശക്തമായി എതിര്‍ത്തുകൊണ്ടുള്ള വാദങ്ങളാണ് ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ചത്.
രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വോട്ടര്‍ പരിഷ്‌ക്കരണമാണ് നിലവില്‍ ബിഹാറില്‍ നടത്തുന്നതെന്നും വാദം ഉയര്‍ന്നു. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ അടക്കമുള്ളവര്‍ ഇതിനെ എതിര്‍ത്തു.
മരിച്ചവരെ ജീവിച്ചിരിക്കുന്നവരായും ജീവിച്ചിരിക്കുന്നവരെ മരിച്ചവരായും പ്രഖ്യാപിച്ചുകൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടതെന്നടക്കമുള്ള ആക്ഷേപങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നേരെ ഹര്‍ജിക്കാര്‍ ഉന്നയിച്ചു.
അതേസമയം, ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ സുപ്രിംകോടതിയില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടായി.
വോട്ടര്‍ പട്ടികയില്‍ മരിച്ചെന്ന് രേഖപ്പെടുത്തിയ സ്ത്രീയെ കോടതിമുറിയില്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് ഹാജരാക്കി.വിഷയത്തില്‍ മികച്ച വിശകലനം നടത്തിയതിന് യോഗേന്ദ്ര യാദവിനെ സുപ്രീം കോടതി നന്ദിയറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടന വിരുദ്ധം എന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. നടക്കുന്നത് ശുദ്ധീകരണ പ്രക്രിയ എന്നും പോരായ്മകള്‍ പരിഹരിക്കും എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാര നടപടികള്‍ ആവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.ആധാര്‍ പൗരത്വരേഖയായി കണക്കാക്കാനാകില്ലെന്ന തിരിഞ്ഞെടുപ്പ് കമ്മീഷന്‍ വാദം ശരിയെന്ന് സുപ്രിംകോടതി വാക്കാല്‍ പരാമര്‍ശിച്ചു.