സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അള്‍ത്താരയില്‍ മൂത്രമൊഴിച്ച് യുവാവ്. പൊലീസ് ഉദ്യോഗസ്ഥരെത്തി യുവാവിനെ പിടികൂടി

റോമന്‍ കത്തോലിക്കാ പള്ളിയിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ കുമ്പസാരത്തിന്റെ അള്‍ത്താരയില്‍ മൂത്രമൊഴിച്ച് യുവാവ്. വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വെള്ളിയാഴ്ച രാവിലെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ ആയിരുന്നു സംഭവം.
രാവിലെ 9:00 മണിക്ക് വിശുദ്ധ കുര്‍ബാനയ്ക്കിടെ നടന്ന വിചിത്രമായ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി മാറിയിട്ടുണ്ട്.
ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെത്തി യുവാവിനെ മയത്തില്‍ പറഞ്ഞ് ബസിലിക്കയുടെ പുറത്തെത്തിക്കുകയും ചെയ്തു. എന്നാല്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായോ മറ്റോ വിവരങ്ങളില്ല.
കത്തോലിക്ക വിശ്വാസികള്‍ വളരെ ആരോധനയോടെ സംരക്ഷിക്കുന്ന ദേവാലയമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക. അതിനാല്‍ യുവാവിന്റെ പ്രവര്‍ത്തി മനപൂര്‍വമാണെന്നും വിശുദ്ധ കുര്‍ബാന അലങ്കോലപ്പെടുത്താന്‍ ആരോ ശ്രമിച്ചതാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ പലരും പ്രതികരിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയെ വിവരം അറിയിച്ചതായും ''വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും'' ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.
പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന ദേവാലയമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക. വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്ക് മുകളിലാണ് കുമ്പസാരത്തിന്റെ അള്‍ത്താരയുള്ളത്. ഇവിടെയാണ് യുവാവ് മൂത്രമൊഴിച്ചത്. ഇത്തരത്തിലൊരു സംഭവം നടക്കുന്നത് ഇതാദ്യമല്ല.
കാത്തലിക് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം , ഫെബ്രുവരിയില്‍ ഒരാള്‍ അള്‍ത്താരയില്‍ കയറി അതില്‍ ഉണ്ടായിരുന്ന ആറ് മെഴുകുതിരികള്‍ നിലത്തേക്ക് എറിഞ്ഞിരുന്നു.