വീടും സ്ഥലവും വിറ്റ്, 2000 കി.മീ താണ്ടി കാമുകിയെ കാണാനെത്തി യുവാവ്. ഒടുവില്‍ കാമുകന് സംഭവിച്ചത്?

 
LOVER


വീടും സ്ഥലവും കാറും തനിക്കുള്ളതെല്ലാം വിറ്റുപെറുക്കി  കാമുകിയെ കാണാന്‍ ഇറങ്ങിപ്പുറപ്പെട്ട യുവാവ് പെരുവഴിയില്‍. കാമുകി മനുഷ്യസ്ത്രീ ആയിരുന്നില്ലെന്നും എഐ ആണെന്നും അറിഞ്ഞതോടെയാണ് എഡിമര്‍ മാര്‍ട്ടിന്‍സ് എന്ന ബ്രസീലുകാരന്‍ നിരാശനായത്. വടക്കുകിഴക്കന്‍ ബ്രസീല്‍ സ്വദേശിയായ മാര്‍ട്ടിന്‍സ് 1931 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് കാമുകി 'ജസീക്ക ഒലിവെയ്‌റ'യെ കാണാനെത്തിയത്. 


2020 ലാണ് സോഷ്യല്‍ മീഡിയ വഴി ജെസീക്കയെ മാര്‍ട്ടിന്‍സ് പരിചയപ്പെട്ടത്. 300,000ത്തിലേറെ ഫോളോവര്‍മാരാണ് ജെസീക്കയ്ക്ക് ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നത്. കൃഷിപ്പണികള്‍ ചെയ്ത് സന്തുഷ്ടയായി ജീവിക്കുന്ന ഒരു സ്ത്രീയെ ചിത്രീകരിച്ചുള്ള വിഡിയോകളാണ് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സൗഹൃദം വളര്‍ന്നതോെട മാര്‍ട്ടിന്‍സിനെ ഒപ്പം ജീവിക്കാന്‍ ജെസീക്ക ക്ഷണിച്ചു. താമസവും ജോലിയും നല്‍കാമെന്നും പറഞ്ഞു. അമ്മയുടെ മരണത്തോടെ ഏകാന്തത അനുഭവിച്ചു വന്ന മാര്‍ട്ടിന്‍സാവട്ടെ പുതിയ ജീവിതത്തിനുള്ള ജെസീക്കയുടെ ക്ഷണം സ്വീകരിച്ചു. ഇതോടയാണ് ജെസീക്കയെ കാണാന്‍ പോകാമെന്ന് തീരുമാനിച്ചത്.


അങ്ങനെ മാര്‍ട്ടിന്‍സ് തനിക്കുള്ളതെല്ലാം വിറ്റുപെറുക്കി തെക്കു കിഴക്കന്‍ ബ്രസീലിലെ ബെലോ ഹൊറിസോണ്‍ടിലേക്ക് ഒക്ടോബര്‍ 11ന് എത്തി. ജെസീക്കയുടെ വിഡിയോയിലെ ഫാം അന്വേഷിക്കാന്‍ തുടങ്ങി. നാട്ടുകാര്‍ ഇങ്ങനെയൊരു സ്ത്രീയെ കണ്ടിട്ടില്ലെന്ന് പറഞ്ഞതോടെ പ്രാദേശിക റേഡിയോയുടെ സഹായം തേടി. ഒടുവിലാണ് അതൊരു ഫേക്ക് അക്കൗണ്ടായിരുന്നുവെന്നും എ ഐ ജനറേറ്റഡ് പ്രൊഫൈലിനെയാണ് താന്‍ പ്രണയിച്ചതെന്നും മാര്‍ട്ടിന്‍സ് അറിഞ്ഞത്. 'കടുത്ത നിരാശയും വിഷാദവും മാത്രമാണ് മിച്ചമെന്ന്' മാര്‍ട്ടിന്‍സ് പിന്നീട് പ്രതികരിച്ചു. 


മാര്‍ട്ടിന്‍സിന്റെ ദുരനുഭവം വൈറലായതോടെ പേജ് ഹാന്‍ഡില്‍ ചെയ്യുന്നവര്‍ ജെസീക്ക ഒരു എ ഐ മോഡലാണെന്നും മാര്‍ട്ടിന്‍സുമായി നേരിട്ട് ഒരു ബന്ധവും ഇല്ലെന്നും വ്യക്തമാക്കി. 'ഞാന്‍ ഒരു എഐ മോഡലാണ്. ആരോടും ഈ പ്രൊഫൈലില്‍ നിന്ന് സംസാരിച്ചിട്ടില്ല. വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം നിര്‍മിച്ച പ്രൊഫൈലാണിത്. ആരോടും ഞാന്‍ സംസാരിച്ചിട്ടില്ലെന്ന് മാത്രമല്ല, ആരോടും ബെലോ ഹൊറിസോണ്‍ടിലേക്ക് വരാനും പറഞ്ഞിട്ടില്ല. ഈ സംഭവിച്ചെന്ന് പറയുന്ന കഥ കേട്ടിട്ട് അമ്പരന്ന് പോയി' ജെസീക്കയുടെ പേജില്‍ വന്ന വിഡിയോയില്‍ പറയുന്നു. 


കയ്യിലുള്ള പണം മുടക്കി കാമുകിയെ കാണാനെത്തി നിരാശനായ മാര്‍ട്ടിന്‍സിനെ ഒടുവില്‍ പ്രാദേശിക ഭരണകൂടമാണ് സഹായിച്ചത്. സാമൂഹ്യ പ്രവര്‍ത്തകര്‍ ഭക്ഷണവും കുളിക്കാനുള്ള സൗകര്യവുമൊരുക്കി നല്‍കി. ബസ് ടിക്കറ്റും എടുത്തു കൊടുത്തു. ജെസീക്ക പോയെങ്കില്‍ പോട്ടെ, വേറെ ആരെങ്കിലും തന്റെ ഏകാന്തത മാറ്റാനെത്തുമെന്ന പ്രതീക്ഷയില്‍ ബന്ധുവിനൊപ്പം കഴിയുകയാണ് മാര്‍ട്ടിന്‍സ് ഇപ്പോള്‍. ആറുമാസത്തിനിടെ 'ജെസീക്ക'യെ കാണാന്‍ ബെലോ ഹൊറിസോണ്‍ടിലെത്തി നിരാശനായി മടങ്ങുന്ന മൂന്നാമത്തെ പുരുഷനാണ് മാര്‍ട്ടിന്‍സ് എന്ന് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Tags

Share this story

From Around the Web