പുറം ചൊറിയലിനെ ബിസിനസാക്കി ലക്ഷങ്ങള്‍ കൊയ്യുന്ന ചൈനയിലെ ഒരു യുവാവ്. ചൈനയിലുടനീളം നൂറിലധികം ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുകയാണ് ഷാങിന്റെ ലക്ഷ്യം
ഭാര്യയോടോ ഉറ്റസുഹൃത്തിനോടോ കുടുംബാംഗങ്ങളോടോ മിക്കവരും സാധാരണയായി ചോദിക്കാറുള്ള സഹായഭ്യര്‍ത്ഥനയായിരിക്കും ഒന്ന് പുറം ചൊറിഞ്ഞുതരാമോയെന്നത്. സ്വന്തം കൈകള്‍ ചെന്നെത്താത്ത ഇടങ്ങളിലെ അസ്വസ്ഥത മാറ്റിത്തരാന്‍ ആരെങ്കിലും സഹകരിക്കുന്നതിലും വലിയ സമാധാനമില്ല.
എന്നാല്‍, പുറം ചൊറിയുകയെന്ന നിസ്സാരമായ പ്രവൃത്തിയെ ലക്ഷങ്ങള്‍ കൊയ്യുന്ന ബിസിനസാക്കി മാറ്റിയിരിക്കുകയാണ് ചൈനയിലെ ഒരു യുവാവ്. ഷെന്‍ഷെന്‍ ബാവോവാനിലെ ഷാങ് ഷിയാവോകിയാവോയെന്ന 32കാരനായ സംരഭകനാണ് ശരീരത്തില്‍ ചൊറിയാന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങള്‍ ചൊറിഞ്ഞുനല്‍കുകയെന്ന വെറൈറ്റി ബിസിനസിലൂടെ ശ്രദ്ധനേടുന്നത്.
ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി കിടക്കയില്‍ കിടന്നുകൊണ്ടുതന്നെ, ട്രെയിനിങ് ലഭിച്ച വിദഗ്ധ പ്രഫഷണലുകളെ ഉപയോഗിച്ചുകൊണ്ടാണ് ഷിയാവോകിയോവിന്റെ സംവിധാനം. ഇതിനായി സുമ എന്ന പേരില്‍ ഷെന്‍ഷെനില്‍ ആദ്യ ഔട്ട്‌ലെറ്റ് തുറക്കുകയും ചെയ്തു. കഴിഞ്ഞ മെയിലായിരുന്നു സംരഭത്തിന്റെ തുടക്കം. തൊട്ടടുത്ത മാസം ഫുടിയാന്‍ ജില്ലയില്‍ അടുത്ത ബ്രാഞ്ച് കൂടി ഷിയാവോകിയോവ് തുറന്നെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുമ എന്ന ബ്രാന്‍ഡ് നാമത്തില്‍ തന്നെയാണ് പുതിയ ബ്രാഞ്ചുകളും തുടങ്ങിയിട്ടുള്ളത്.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെഷനുകള്‍ക്ക് ഏകദേശം 300 യുവാന്‍ ആണ് ഉപഭോക്താക്കളില്‍ നിന്ന് ഷിയാവോകിയോവ് ഈടാക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ 4200 രൂപ വരും ഇത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനുമാണ് സേവനം ലക്ഷ്യമിടുന്നത്. നിലവില്‍ ഈ രണ്ട് സ്റ്റോറുകളില്‍ നിന്നുമായി മാസം തോറും ഏകദേശം 100,000 യുവാന്‍ (ഏകദേശം 14 ലക്ഷം രൂപ) ആണ് ഇദ്ദേഹത്തിന്റെ വരുമാനം. തങ്ങളെ അസ്വസ്ഥരാക്കുന്ന ഭാഗങ്ങളേതെല്ലാമാണെന്ന് ഉപഭോക്താക്കള്‍ വ്യക്തമാക്കുന്ന പക്ഷം പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത നഖങ്ങള്‍ ഉപയോഗിച്ച് ചൊറിഞ്ഞുകൊടുക്കുകയെന്നതാണ് കമ്പനിയുടെ രീതിശാസ്ത്രം.
കമ്പനി തുടങ്ങിവെക്കുന്നതിനേക്കാള്‍ പ്രയാസം എങ്ങനെ ചൊറിയണമെന്ന് ജീവനക്കാരെ പഠിപ്പിക്കുകയായിരുന്നെന്ന് ഷിയോവോകിയോവ് പറയുന്നു. ബ്രാന്‍ഡ് തുടങ്ങുന്നതിനായുള്ള ആശയങ്ങള്‍ ലഭിച്ചെങ്കിലും മുന്‍മാതൃകയില്ലാത്തതിനാല്‍ പല ഘട്ടങ്ങളിലും മുന്നോട്ടുപോക്ക് തടസ്സപ്പെടുന്ന ഘട്ടമെത്തിയിരുന്നു.
എങ്കിലും, മനുഷ്യശരീരത്തെ കുറിച്ചും അനുബന്ധവിഷയങ്ങളിലും സമയമെടുത്ത് നടത്തിയ ഗവേഷണങ്ങളിലൂടെ പ്രതിസന്ധികളെയെല്ലാം മറികടക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
'ഈയൊരു കാരണം കൊണ്ടുമാത്രം ആളുകള്‍ ഒരുപാട് അസ്വസ്ഥതകള്‍ അനുഭവിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ മനസ്സിലായി. അങ്ങനെയാണ് ഇതിന് ഡിമാന്‍ഡ് ഉണ്ടെന്ന് മനസ്സിലാക്കിയത്, അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്ന് തീരുമാനിച്ചതും.' ഷാങ് ഷിയാവോകിയാവ് പറഞ്ഞു.
ബ്രാന്‍ഡ് തുടങ്ങി ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി പേരാണ് ഔട്ട്‌ലെറ്റുകള്‍ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും എല്ലാം ഇതില്‍ പെടും. തന്റെ ഉപഭോക്താക്കളില്‍ 70 ശതമാനം പുരുഷന്മാരും 30 ശതമാനം സ്ത്രീകളുമാണെന്നും ഷാങ് വിശദമാക്കുന്നുണ്ട്. ഒട്ടുമിക്ക ഉപഭോക്താക്കളും മികച്ച അനുഭവങ്ങളാണ് തങ്ങള്‍ക്കുണ്ടായതെന്ന് അറിയിച്ചിട്ടാണ് ഔട്ട്‌ലെറ്റുകള്‍ വിടാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് ഔട്ട്‌ലെറ്റുകളില്‍ നിന്നും പ്രതീക്ഷിത വരുമാനത്തിനേക്കാള്‍ കൂടുതലാണ് അനുദിനം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അടുത്ത ഘട്ടത്തെ കുറിച്ചുള്ള ആലോചനകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയിലുടനീളം നൂറിലധികം ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുകയെന്നതാണ് ഷാങിന്റെ ലക്ഷ്യം.