മുംബൈയിലെ യഹൂദ കേന്ദ്രങ്ങളെ നിരീക്ഷിച്ച കേസില്‍ യുവാവിനെ റിമാന്‍ഡ് ചെയ്തു. സിനഗോഗിലെ തീവെപ്പ് കേസുമായി ബന്ധമുണ്ടോയെന്നും അന്വേഷണം. കേസ് എന്‍.ഐ.എയ്ക്ക്‌
 

 
gurumurthy

തൃശൂർ: മുംബൈയിലെ പ്രധാന യഹൂദ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച കേസിൽ അറസ്റ്റിലായ നവി മുംബൈ പൻവേൽ സ്വദേശി യശ് സിംഗിനെ (20) കേരളത്തിലെത്തിച്ച് റിമാൻഡ് ചെയ്തു.

മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ (ATS) സഹായത്തോടെ തൃശൂർ സിറ്റി പോലീസ് ഞായറാഴ്ചയാണ് പ്രതിയെ കേരളത്തിലെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഒറ്റപ്പാലത്തു നിന്നും അടുത്തിടെ പിടിയിലായ ഗുരുമൂർത്തിയാണ് യശ് സിംഗിനെ റിക്രൂട്ട് ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മുംബൈയിലെ ചബാദ് ഹൗസ് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ യഹൂദ കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്തിയതിനാണ് യശ് സിംഗിനെ മഹാരാഷ്ട്ര എ.ടി.എസ് പിടികൂടിയത്.

സിനിമാ താരങ്ങളുടെ ചിത്രങ്ങൾ ഓൺലൈൻ ഹാൻഡ്ലർമാരുടെ നിർദ്ദേശപ്രകാരം ലോറൻസ് ബിഷ്ണോയ് സംഘത്തിന് കൈമാറുകയും ഇതിനായി പണം സ്വീകരിക്കുകയും ചെയ്ത കേസിലാണ് തൃശൂർ പോലീസ് നേരത്തെ ഗുരുമൂർത്തിയെ അറസ്റ്റ് ചെയ്തിരുന്നത്. ഗുരുമൂർത്തിയെ ഇന്ന് ഒറ്റപ്പാലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗുരുമൂർത്തിയും യശ് സിംഗും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഗുരുമൂർത്തി പലതവണയായി യശ് സിംഗിന് പണം അയച്ചുനൽകിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വിദേശത്തുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ നിർദ്ദേശപ്രകാരമാണ് യശ് സിംഗ് പ്രവർത്തിച്ചതെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, ഇരുവരും ലോറൻസ് ബിഷ്ണോയ് സംഘത്തിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

എറണാകുളം മാർക്കറ്റിന് സമീപമുള്ള സിനഗോഗിന് എതിരെയുള്ള ബ്ലോസം നഴ്സറിക്ക് തീയിട്ട കേസിൽ കഴിഞ്ഞ മാസം അറസ്റ്റിലായ പുത്തൻകുരിശ് സ്വദേശി എബിൻ പോളുമായി (32) ഈ പ്രതികൾക്കുള്ള ബന്ധത്തെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്.

ദേശീയ അന്വേഷണ ഏജൻസി (NIA) അന്വേഷിക്കുന്ന ഈ കേസിൽ, ഓൺലൈൻ ഹാൻഡ്ലർമാരുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ച എബിൻ പോൾ, ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്ണോയിയെക്കുറിച്ച് ടെലഗ്രാം വഴി സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തിയിരുന്നു.

രണ്ട് കേസുകളും തമ്മിൽ ബന്ധമുണ്ടോയെന്നും, ഗുരുമൂർത്തിയുടെ നിർദ്ദേശപ്രകാരം മറ്റ് ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. ഗുരുമൂർത്തിക്ക് നിർദ്ദേശങ്ങളും പണവും നൽകിയ ഉറവിടങ്ങളും കണ്ടെത്തേണ്ടതുണ്ട്.

പ്രതികളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.

Tags

Share this story

From Around the Web