ടൈഗര്‍ ഷ്റോഫിനെ തേടി ഒരാഴ്ച മുമ്പും അക്രമികള്‍ എത്തി; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍, എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് അഞ്ചിനും ഏഴിനുമിടയില്‍ താരം ഇവിടെ ഫുട്ബോള്‍ കളിക്കാനെത്താറുണ്ട്
മുംബൈ: ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്റോഫിന് നേരെ ഞായറാഴ്ച വെടിവെപ്പ് നടത്തിയ അക്രമികള്‍ ഒരാഴ്ച മുമ്പും മുംബൈ ജൂഹുവിലുള്ള ഫുട്ബോള്‍ ഗ്രൗണ്ടിലെത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍. ഒക്ടോബര്‍ 11ന് ഞായറാഴ്ച ഇവര്‍ ഗ്രൗണ്ടിന് പരിസരത്തെത്തി കുറച്ചുസമയം ചെലവഴിച്ച ശേഷം മടങ്ങിയതായാണ് ദൃശ്യങ്ങളും ഫോണ്‍ കോള്‍ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള വിവരം. അന്ന് ടൈഗര്‍ ഷ്റോഫ് ഫുട്ബോള്‍ കളിക്കാന്‍ എത്തിയിരുന്നില്ല. ഇതോടെ പ്രതികള്‍ മടങ്ങിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
ഒക്ടോബര്‍ 18 ഞായറാഴ്ച വൈകീട്ട് വീണ്ടും ഗ്രൗണ്ടിലെത്തിയ പ്രതികള്‍ ഏകദേശം രണ്ടര മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് ആക്രമണം നടത്തിയത്. വൈകിട്ട് 4.30ഓടെ ഗ്രൗണ്ടിലെത്തിയ ഇവര്‍ നടന്‍ എത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ഗേറ്റിന് സമീപം ചുറ്റിനടക്കുന്നതും അകത്തേക്ക് നോക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. വൈകിട്ട് ഏഴോടെ ടൈഗര്‍ ഷ്രോഫ് പുറത്തുവന്നപ്പോഴാണ് വെടിവെപ്പുണ്ടായത്. എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് അഞ്ചിനും ഏഴിനുമിടയില്‍ താരം ഇവിടെ ഫുട്ബോള്‍ കളിക്കാനെത്താറുണ്ട്.
ഫുട്ബാള്‍ മത്സരം കഴിഞ്ഞ് ഗ്രൗണ്ടില്‍ നിന്ന് താരം പുറത്തിറങ്ങുമ്പോഴാണ് വധശ്രമമുണ്ടായത്. ടൈഗര്‍ ഷ്റോഫിനെ കാണാന്‍ പുറത്ത് നിരവധി ആരാധകരെത്തിയിരുന്നു. ആരാധകര്‍ക്കിടയിലൂടെ താരത്തിന്റെ ബിഎംഡബ്ല്യു കാര്‍ പുറത്തേക്ക് വരുന്നതിനിടെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് പേര്‍ വെടിവെക്കുകയും മൂന്നാമന്‍ ബൈക്കില്‍ കാത്തിരിക്കുകയും ചെയ്തു. മുന്നില്‍ നിന്നും ഇടതുവശത്തുനിന്നുമാണ് വെടിവെച്ചത്. പിന്നാലെ അക്രമികള്‍ ബൈക്കില്‍ കയറി കടന്നുകളഞ്ഞു. നടന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. നടന്റെ ഡ്രൈവര്‍ ഫിര്‍ദൗസ് ഇബ്രാഹിം ബലോച്ചിന് ഇടതു കൈത്തണ്ടയില്‍ വെടിയേറ്റു.
ആക്രമണം നടത്തിയ മൂന്ന് പ്രതികളും വിദേശത്തേക്ക് കടക്കാന്‍ പദ്ധതിയിട്ടെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം രാജസ്ഥാന്‍ വഴി വിദേശത്തേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതി. എന്നാല്‍ ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍ പൊലീസിന്റെ സാങ്കേതിക സഹായത്തോടെ ക്രൈംബ്രാഞ്ചിന്റെ 20 പ്രത്യേക സംഘങ്ങള്‍ നടത്തിയ അന്തര്‍സംസ്ഥാന ഓപ്പറേഷനിലൂടെ ആക്രമണം നടന്ന് 15 മണിക്കൂറിനുള്ളില്‍ പ്രതികള്‍ പിടിയിലായി. പൂണെ ജയ്പൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ കോട്ട റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 22കാരനായ ഹൃത്വിക് കുമാര്‍, 18കാരനായ റെഹാന്‍, 17കാരനായ മറ്റൊരാള്‍ എന്നിവരാണ് പിടിയില്‍. പുണെ-ജയ്പൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പിടിയിലായത്.
സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നടന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ മറ്റാരെങ്കിലും സഹായിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വെടിവെപ്പിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ് ഏറ്റെടുത്തിട്ടുണ്ട്. ലോറന്‍സ് ബിഷ്‌ണോയ് സംഘാംഗങ്ങളായ അനില്‍ പണ്ഡിറ്റും ഹര്‍മല്‍ സന്ധുവുമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സല്‍മാന്‍ ഖാനുമായുള്ള സൗഹൃദമാണ് ടൈഗര്‍ ഷ്റോഫിനെ ലക്ഷ്യമിടാന്‍ കാരണമെന്നാണ് നിഗമനം. ഗുജറാത്തിലെ ജയിലില്‍ കഴിയുന്ന ബിഷ്ണോയ്, സല്‍മാന്‍ ഖാനെ വധിക്കുമെന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.