ഫ്രാൻസ് സന്ദർശനം: ലോകത്തിലെ ഏറ്റവും കൂടുതൽ ചില്ലുജാലകങ്ങളുള്ള കത്തീഡ്രലുകളിലൊന്നിൽ വിശുദ്ധ കുർബാനയർപ്പിക്കാൻ പാപ്പ

 
leo pa

2026 സെപ്റ്റംബർ 28-ന് മെറ്റ്സിലെ (Metz) സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും. ഈ രൂപതയെ സംബന്ധിച്ചിടത്തോളം ഇത് വളരെ അപൂർവമായ ഒരു പദവിയാണ്; മാർപാപ്പയുടെ സന്ദർശനത്തിനിടയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ അനുമതി ലഭിച്ച ഫ്രാൻസിലെ ഏക കത്തീഡ്രലും ഇതാണ്.

പാരീസിലെ പ്രശസ്തമായ നോട്രഡാം (Notre Dame de Paris) സന്ദർശിക്കാൻ മാർപാപ്പയ്ക്ക് പദ്ധതിയുണ്ടെങ്കിലും, അവിടെ ‘വെസ്പേഴ്സ്’ (റോമൻ കത്തോലിക്കാ സഭയിലെ വൈകുന്നേരത്തെ പ്രത്യേക പ്രാർഥന) മാത്രമായിരിക്കും പാപ്പ നയിക്കുക. കൂടാതെ ലൂർദ്ദിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിശുദ്ധ കുർബാന, ബസിലിക്കയ്ക്കുള്ളിൽ വച്ചല്ല, മറിച്ച് ലൂർദ്ദ് തീർഥാടനാലയത്തിന്റെ മൈതാനത്ത് വച്ചായിരിക്കും നടക്കുക.

ഏകദേശം 135 അടി ഉയരമുള്ള പ്രധാന ഹാൾ (Nave) ഉള്ള മെറ്റ്സ് കത്തീഡ്രൽ, ഫ്രാൻസിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കത്തീഡ്രലാണ്. ബൂവൈസ് (Beauvais), അമിയൻസ് (Amiens) എന്നീ കത്തീഡ്രലുകൾക്ക് മാത്രമാണ് ഇതിനേക്കാൾ ഉയരമുള്ളത്. ഇതിന്റെ വാസ്തുവിദ്യാ പ്രൗഢിയും ചരിത്രപരമായ പ്രാധാന്യവും തന്നെയാണ് മാർപാപ്പയുടെ ഫ്രഞ്ച് സന്ദർശനത്തിലെ ഈ സവിശേഷ ചടങ്ങിന് വേദിയാകാൻ ഈ ഹാളിനെ ഏറ്റവും അനുയോജ്യമാക്കുന്നത്.

‘ദൈവത്തിന്റെ വിളക്ക്’ എന്ന് വിളിപ്പേരുള്ള കത്തീഡ്രൽ

ലോകത്തിൽ ഏറ്റവും കൂടുതൽ ചില്ലുജാലകങ്ങൾ (Stained glass) ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ക്രൈസ്തവ ദൈവാലയങ്ങളിൽ ഒന്നാണ് ‘ദൈവത്തിന്റെ വിളക്ക്’ എന്ന് വിളിപ്പേരുള്ള ഈ കത്തീഡ്രൽ. പ്രശസ്തമായ ചാർട്ടേഴ്സ് (Chartres) കത്തീഡ്രലിൽ 28,000 ചതുരശ്ര അടി ചില്ലുജാലകങ്ങൾ ഉള്ളപ്പോൾ, മെറ്റ്സ് കത്തീഡ്രലിൽ ഏകദേശം 70,000 ചതുരശ്ര അടിയോളം ചില്ലുജാലകങ്ങളുണ്ട്.

ഇവിടെയുള്ള ചില്ലുജാലക ശേഖരങ്ങൾ 13-ാം നൂറ്റാണ്ട് മുതൽ 20-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലേതാണ്. ഓരോ കാലഘട്ടത്തിലെയും ഏറ്റവും പ്രശസ്തരായ ചില്ലുശില്പികളുടെ (Master glassmakers) കൈപ്പണിയാണ് ഇതിൽ കാണാൻ കഴിയുക. കത്തീഡ്രലിന്റെ പടിഞ്ഞാറേ ഭിത്തിയിൽ, ഹെർമൻ ഡി മുൻസ്റ്റർ എന്ന ശില്പി 14-ാം നൂറ്റാണ്ടിൽ നിർമ്മിച്ച, 40 അടിയോളം വ്യാസമുള്ള വലിയ റോസ് വിൻഡോ (റോസാപ്പൂവിന്റെ ആകൃതിയിലുള്ള ചില്ലുജാലകം) സന്ദർശകർക്ക് കാണാം. ഇതിന്റെ മറ്റൊരു വശത്തേക്ക് എത്തുമ്പോൾ നവോത്ഥാന കാലഘട്ടത്തിലെ കലകളിലേക്ക് അവ വഴിമാറുന്നു. അവിടെ ലൊറൈൻ മേഖലയിലെ പ്രശസ്ത ഗ്ലാസ് മേക്കറായ വാലന്റൈൻ ബോഷിന്റെ മാസ്റ്റർപീസ് സൃഷ്ടികൾ മഞ്ഞ, ചുവപ്പ്, നീല, പച്ച നിറങ്ങളിൽ തിളങ്ങിനിൽക്കുന്നു.

എന്നാൽ സമകാലികമായ ചില്ലുജാലകങ്ങളുടെ അതിശയിപ്പിക്കുന്ന ഒരു ശേഖരവും മെറ്റ്സ് കത്തീഡ്രലിനുണ്ട്. അന്നത്തെ കാലത്തെ ഏറ്റവും മികച്ച കലാകാരന്മാരെ കണ്ടെത്താൻ കത്തീഡ്രൽ എപ്പോഴും ശ്രദ്ധിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ തകർച്ചയ്ക്ക് ശേഷം, യുദ്ധത്തിൽ നഷ്ടപ്പെട്ട ജനലുകൾക്ക് പകരം പുതിയവ സ്ഥാപിക്കാൻ ജാക്വസ് വില്ലൺ, മാർക്ക് ചഗാൽ തുടങ്ങിയ പ്രശസ്ത ചിത്രകാരന്മാരെയാണ് സഭ ചുമതലപ്പെടുത്തിയത്.

വില്ലൺ തന്റെ ജീവിതകാലത്ത് നിർമ്മിച്ച ഏക ചില്ലുജാലക സൃഷ്ടികളാണ് ഇവ. കത്തീഡ്രലിലെ ചാപ്പലിൽ സ്ഥിതി ചെയ്യുന്ന ഈ കലാസൃഷ്ടികൾ പരമ്പരാഗതമായ ശൈലിയിൽ നിന്നുള്ള വലിയൊരു മാറ്റമാണ്. പരമ്പരാഗത രൂപങ്ങൾക്ക് പകരം, ബൈബിളിലെ പുറപ്പാട് പുസ്തകം, അവസാനത്തെ അത്താഴം, കുരിശുമരണം, കാനായിലെ കല്യാണം തുടങ്ങിയ രംഗങ്ങൾ ആവിഷ്കരിക്കാൻ ഇദ്ദേഹം അബ്സ്ട്രാക്റ്റ് ജ്യാമിതീയ രൂപങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

ഈ കത്തീഡ്രലിലേക്ക് സംഭാവന നൽകിയ ഏറ്റവും പ്രശസ്തരായ കലാകാരന്മാരിൽ ഒരാളാണ് മാർക്ക് ചഗാൽ. 1959-ലാണ് അദ്ദേഹം കത്തീഡ്രലിന്റെ വടക്കേ അറ്റത്തുള്ള ജനലുകളുടെ പണി ആരംഭിച്ചത്. ചഗാൽ ഇതിന് മുൻപ് ചാർട്ടേഴ്സിലും അസിയിലും ഇത്തരത്തിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ചില്ലുകളുടെ കലയിലൂടെ അദ്ദേഹം തുറന്ന ഒരു വഴി കണ്ടെത്തി. ചില്ലുകളിലൂടെ ലോകം വെളിച്ചത്തിലേക്ക് സ്വയം തുറക്കപ്പെടുന്നു. ഈ ചിന്തയിൽ മുഴുകിയ അദ്ദേഹം പ്രപഞ്ച സൃഷ്ടി എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിമനോഹരമായ ഒരു ജാലകം നിർമ്മിച്ചു. തിളങ്ങുന്ന മഞ്ഞ നിറമാണ് പ്രധാനമായും ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web