കുളിപ്പിക്കാനായി വെച്ച ചൂടുവെള്ളം ദേഹത്ത് വീണ് പൊള്ളലേറ്റ രണ്ടുവയസ്സുകാരി അണുബാധയെ തുടർന്ന് മരിച്ചു; അപകടം നടന്നത് അമ്മ മാറിയ നിമിഷത്തിൽ
Updated: Aug 10, 2026, 07:42 IST
കോതമംഗലം: ചൂടുവെള്ളം ദേഹത്ത് വീണ് പൊള്ളലേറ്റു ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി അണുബാധയെ തുടർന്ന് മരണപ്പെട്ടു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്ത് വീട്ടിൽ ലിജു - എൽബി ദമ്പതിമാരുടെ മകൾ ബിൽഗ മറിയം ലിജു (2) ആണ് മരിച്ചത്.
ഒരാഴ്ച മുൻപായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. കുട്ടിയെ കുളിപ്പിക്കാനായി എടുത്തുവെച്ച ചൂടുവെള്ളമുള്ള ബക്കറ്റ്, അമ്മ അല്പസമയം മാറിനിന്ന വേളയിൽ കുട്ടി പിടിച്ചതിനെ തുടർന്ന് അബദ്ധത്തിൽ മറിയുകയായിരുന്നു. തിളച്ച വെള്ളം ദേഹത്തു വീണ് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു.
ആദ്യം നൽകിയ ചികിത്സയ്ക്ക് ശേഷം പൊള്ളൽ ഉണങ്ങിത്തുടങ്ങിയെങ്കിലും പിന്നീട് കുട്ടിയിൽ അണുബാധ (Infection) ഉണ്ടാവുകയായിരുന്നു. അണുബാധ മൂർച്ഛിച്ചതിനെ തുടർന്ന് ഞായറാഴ്ച രാവിലെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. യാസിൻ ആണ് സഹോദരൻ.