കാര്‍ത്തികപ്പള്ളിയില്‍ രണ്ട് വയസുകാരന്‍ മരിച്ചത് ഏഴാമത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ; ഒരു വര്‍ഷത്തിനിടെ മരിച്ചത് രണ്ട് കുഞ്ഞുങ്ങള്‍
ഹരിപ്പാട്: പരിചരണവും പോഷകാഹാരവും ഇല്ലാതെ കാര്‍ത്തികപ്പള്ളിയില്‍ രണ്ട് വയസുകാരന്‍ മരിച്ചത് ദമ്പതികള്‍ക്ക് ഏഴാമത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ. കാര്‍ത്തികപ്പള്ളി വില്ലേജില്‍ വലിയകുളങ്ങര തൈമുട്ടില്‍ രാജേഷിന്റെയും താരയുടെയും മകന്‍ രാഹുലാണ് മരിച്ചത്. മാതാവ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിനു പിന്നാലെയാണ് മറ്റൊരു കുഞ്ഞിന്റെ മരണം സംഭവിക്കുന്നത്.
ഞായറാഴ്ച രാവിലെ ഏഴരയോടെ വീട്ടിനുള്ളില്‍ അനക്കമറ്റുകിടന്ന കുഞ്ഞിനെ പിതാവ് രാജേഷ് സ്വന്തം ഓട്ടോറിക്ഷയില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പാല്‍ ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണമെന്നാണ് രാജേഷ് ബന്ധുക്കളോട് പറഞ്ഞത്. സംഭവത്തില്‍ പന്തികേടുണ്ടെന്ന സംശയം ഉയര്‍ന്നതോടെ തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് നിര്‍ണായക വിവരങ്ങള്‍ വ്യക്തമായത്. കുട്ടിക്ക് ആവശ്യമായ പരിചരണമോ ഭക്ഷണമോ ലഭിക്കാത്തതിനെത്തുടര്‍ന്ന് കടുത്ത പോഷകാഹാരക്കുറവും വിളര്‍ച്ചയും അസാധാരണമായ ശരീരഭാരക്കുറവും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തലെന്ന് പൊലീസ് അറിയിച്ചു. 12 കിലോ ശരീരഭാഗം വേണ്ട സ്ഥാനത്ത് ഏഴ് കിലോ മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം.
ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രസവവേദനയെത്തുടര്‍ന്ന് അവശനിലയിലായ താരയെ ആശാപ്രവര്‍ത്തകര്‍ ഇടപെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഇവര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
അമ്മ ആശുപത്രിയിലായതോടെ രാഹുല്‍ പിതാവ് രാജേഷിനൊപ്പമായിരുന്നു. എന്നാല്‍, ഇയാള്‍ വേണ്ടത്ര പരിചരണം കുട്ടിക്ക് നല്‍കിയില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. മുമ്പും ഇവരുടെ ഒരാണ്‍കുഞ്ഞ് മരിച്ചിരുന്നു.
കുട്ടി കൈയില്‍നിന്ന് അബദ്ധത്തില്‍ താഴെ വീണതിനെത്തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു അന്ന് കുടുംബം നല്‍കിയ വിശദീകരണം.
മഴക്കെടുതിയില്‍ വീട് തകര്‍ന്ന് പ്ലാസ്റ്റിക് ഷെഡില്‍ കഴിഞ്ഞിരുന്ന ഈ കുടുംബത്തിന്റെ ദുരിതാവസ്ഥ നേരത്തെ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ജനപ്രതിനിധികളും ശിശുക്ഷേമസമിതിയും ഇടപെട്ട് പത്തനംപുറം ഗാന്ധിഭവനില്‍ എത്തിച്ചിരുന്നു.
എന്നാല്‍, അവിടെ തുടരാന്‍ കുടുംബം വിസമ്മതിച്ചതിനെത്തുടര്‍ന്ന്, സിഡബ്ല്യുസിയുടെ അനുമതിയോടെയാണ് ഇവര്‍ വലിയകുളങ്ങരയിലെ കുടുംബ വീട്ടിലേക്ക് മടങ്ങിയത്.
കുട്ടിയുടെ സംരക്ഷണത്തില്‍ കടുത്ത വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് പിതാവ് രാജേഷിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുക്കുന്ന കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
അതേസമയം, മൂന്ന് മുതല്‍ 11 വയസുവരെ പ്രായമുള്ള മറ്റ് നാല് പെണ്‍കുട്ടികളെയും ശിശുക്ഷേമസമിതി ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രാത്രിയോടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.