സ്പെയിനിലെ അനെറ്റോ കൊടുമുടിയിൽ നിന്ന് കാണാതായ മൂന്ന് മീറ്റർ നീളവും നൂറ് കിലോ തൂക്കവുമുള്ള കുരിശ് കണ്ടെടുത്ത് സിവിൽ ഗാർഡ്
രണ്ട് മാസം മുൻപ് സ്പെയിനിലെ അനെറ്റോ (Aneto) കൊടുമുടിയിൽ നിന്ന് പിഴുതുമാറ്റപ്പെട്ട മൂന്ന് മീറ്റർ നീളവും 100 കിലോ തൂക്കവുമുള്ള ഇരുമ്പ് കുരിശ് കണ്ടെടുത്ത് സിവിൽ ഗാർഡ്. 1951-ൽ ഒരു മൗണ്ടനീയറിംഗ് ക്ലബ്ബാണ് സ്പെയിനിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ഈ കൊടുമുടിയിൽ ഈ കുരിശ് സ്ഥാപിച്ചത്.
ജൂൺ 16 ന് ഉച്ചകഴിഞ്ഞ് 4.15-ഓടെ ഒരു രക്ഷാപ്രവർത്തനത്തിനായി പോവുകയായിരുന്ന ബെനാസ്ക്യു ഗ്രെയിം (GREIM – മലയോര രക്ഷാപ്രവർത്തന വിഭാഗം) അംഗങ്ങളും ഹുവെസ്ക (Huesca) എയർ യൂണിറ്റിലെ സിവിൽ ഗാർഡ് ഉദ്യോഗസ്ഥരും യാദൃശ്ചികമായാണ് ഈ കുരിശ് കണ്ടെത്തിയത്. ഏകദേശം 200 മീറ്റർ താഴെയായി ഒരു പാറക്കെട്ടിന്റെ ചുവട്ടിൽ, പകുതിയോളം മഞ്ഞ് മൂടിയ നിലയിൽ കുരിശിന്റെ ആകൃതിയിലുള്ള ഒരു രൂപം, അനെറ്റോ കൊടുമുടിയുടെ വടക്കു ഭാഗത്തു കൂടി പറക്കുകയായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഏറെ ദുർഘടമായ ഒരു പ്രദേശത്തായിരുന്നു ഇത് ഉണ്ടായിരുന്നത് എന്ന് അവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചു.
അടിയന്തര രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷം, സിവിൽ ഗാർഡ് ഉദ്യോഗസ്ഥർ വീണ്ടും ഈ സ്ഥലത്തേക്ക് മടങ്ങിയെത്തുകയും, മഞ്ഞ് ഉരുകിയതിനെ തുടർന്ന്, പുറത്തുവന്നത് കാണാതായ അനെറ്റോ കുരിശ് തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ ആ കുരിശ് ബെനാസ്ക്യുവിലെ ബേസിലേക്ക് മാറ്റുകയും അവിടെ സൂക്ഷിക്കുകയും ചെയ്തു. അന്വേഷണം പൂർത്തിയായ ശേഷം കുരിശ് ബെനാസ്ക്യു ടൗൺ കൗൺസിലിന് കൈമാറും. ഇത് യഥാർഥ സ്ഥാനത്ത് വീണ്ടും സ്ഥാപിക്കണമോ എന്ന് കൗൺസിലാണ് തീരുമാനിക്കുക.
ഒരു കാറ്റലൻ മൗണ്ടനീയറിംഗ് ഗ്രൂപ്പാണ് അനെറ്റോ കൊടുമുടിക്ക് മുകളിൽ ഈ കുരിശ് സ്ഥാപിച്ചത്. വർഷങ്ങൾക്ക് ശേഷം, മറ്റൊരു അരഗോണീസ് ഗ്രൂപ്പ് നൽകിയ ‘വിർജിൻ ഓഫ് പിലാർ’ രൂപവും ബെനാസ്ക്യു താഴ്‌വരയുടെ കാവൽ വിശുദ്ധനായ ‘സെന്റ് മാർഷ്യലിന്റെ’ രൂപവും ഇതിനൊപ്പം സ്ഥാപിക്കപ്പെട്ടു. 1999-ൽ ഉണ്ടായ ഒരു കൊടുങ്കറ്റിൽ ഈ കുരിശ് തകർന്നു വീണിരുന്നു. പിന്നീട് 2018-ൽ കാറ്റലോണിയയിലെ വിഘടനവാദ പ്രസ്ഥാനത്തെ അനുകൂലിക്കുന്നവർ ഇതിൽ മഞ്ഞ പെയിന്റടിച്ച് പ്രതിഷേധിച്ചിരുന്നു.
അതേസമയം, കുരിശ് കാണാതായതിനെ തുടർന്ന്, 2026 മെയ് മാസത്തിൽ മായേൽ ലെ ലഗാഡെക് (Maël Le Lagadec) എന്ന ഫ്രഞ്ച് യുവാവ് 28 കിലോമീറ്റർ ദൈർഘ്യമുള്ള കഠിനമായ പാതയിലൂടെ 1,900 മീറ്റർ ഉയരം താണ്ടി ഒരു തടിക്കുരിശ് ഇവിടെ കൊണ്ടുവന്നു സ്ഥാപിച്ചിരുന്നു. 35 കിലോഗ്രാം ഭാരമുള്ള, വാൽനട്ട് തടിയുടെ കുരിശും ചുമന്ന് 14 മണിക്കൂറോളം സഞ്ചരിച്ചാണ് യുവാവ് കൊടുമുടിയിലെത്തിയത്.