യൂറോപ്പിലെ ഏറ്റവും വലിയ കന്യകാമറിയത്തിന്റെ രൂപം പോളണ്ടില്‍ അനാച്ഛാദനം ചെയ്തു. തറയില്‍ നിന്നു 55.6 മീറ്റര്‍ ഉയരം

 
poland


വാര്‍സോ: പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ കന്യകാമറിയത്തിന്റെ രൂപം പോളണ്ടില്‍ അനാച്ഛാദനം ചെയ്തു. 

കൊനോടോപി പട്ടണത്തില്‍ നിര്‍മ്മിച്ച രൂപത്തിന് തറയില്‍ നിന്നു 55.6 മീറ്റര്‍ (182 അടി) ഉയരമുണ്ട്. 

വ്‌ലോക്ലാവെക് രൂപതയിലെ ബിഷപ്പ് ക്രിസ്റ്റോഫ് വെറ്റ്കോവ്സ്‌കി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കിടെയായിരുന്നു ഈ സമര്‍പ്പണം.

 ഗ്രസീന - റോമന്‍ കര്‍ക്കോസിക് ദമ്പതികളാണ് സ്മാരക നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കിയത്.

ദൈവമാതാവിന്റെ മാധ്യസ്ഥത്തിലൂടെ ദൈവം നല്‍കിയ അനുഗ്രഹത്തിനുള്ള കൃതജ്ഞതയുടെ ഭാഗമായി വ്യക്തിപരമായ നേര്‍ച്ച എന്ന നിലയിലാണ് നിര്‍മ്മാണത്തിന് സഹായം നല്‍കിയതെന്ന് ദമ്പതികള്‍ വ്യക്തമാക്കി. 

തീര്‍ത്ഥാടന കേന്ദ്രമായ 'ഔവര്‍ ലേഡി ഓഫ് സോറോസ് സ്ഥിതി ചെയ്യുന്ന ചാപ്പലിന് സമീപമാണ് പുതിയ രൂപം. 

പുതിയ സ്മാരകം നിലകൊള്ളുന്ന സ്ഥലം സാധാരണമായ ഒരിടമല്ല, മറിച്ച് തീര്‍ത്ഥാടകരുടെ പ്രാര്‍ത്ഥനകളാല്‍ വിശുദ്ധീകരിക്കപ്പെട്ട ഒരിടമാണെന്നും വ്‌ലോക്ലാവെക്കിലെ ബിഷപ്പ് ബിഷപ്പ് ക്രിസ്റ്റോഫ് വെറ്റ്കോവ്സ്‌കി പറഞ്ഞു.

ക്രിസ്തു തന്റെ ദൈവിക കാരുണ്യം വെളിപ്പെടുത്തിയ വിശുദ്ധ ഫൗസ്റ്റിന കൊവാല്‍സ്‌ക ജനിച്ചതും, മാമ്മോദീസയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയതും വ്‌ലോക്ലാവെക് രൂപതയുടെ ഭാഗമായ സ്ഥലത്താണെന്ന് ബിഷപ്പ് വെറ്റ്‌കോവ്‌സ്‌കി ചൂണ്ടിക്കാട്ടി. ജപമാല പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
 സ്മാരകത്തിന് മുകളില്‍ വട്ടമിട്ടു പറന്ന ഹെലികോപ്റ്ററുകളില്‍ നിന്ന് ചുവന്ന റോസാപ്പൂവിതളുകള്‍ വര്‍ഷിച്ചിരിന്നു. പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

Tags

Share this story

From Around the Web