സംസ്ഥാനത്ത് വർധിച്ചു വരുന്ന എഐ ദുരുപയോഗം തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി രൂപീകരിച്ച പ്രത്യേക വകുപ്പിന് സാധിക്കുമോ?
കോട്ടയം: സംസ്ഥാനത്ത് വർധിച്ചുവരുന്ന എഐ ദുരുപയോഗം തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി രൂപീകരിച്ച പ്രത്യേക വകുപ്പിന് സാധിക്കുമോ?
കേരള മന്ത്രിസഭയിൽ എഐക്കായി പ്രത്യേക വകുപ്പ് തന്നെ ഇന്ന് നിലവിലുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ക്യാബിനറ്റ് തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി പ്രത്യേക വകുപ്പ് യുഡിഎഫ് സർക്കാർ രൂപീകരിച്ചത്. ചരിത്രത്തിലിടം നേടിയതാണ് ഈ തീരുമാനം.
ഇൻഫർമേഷൻ ടെക്നോളജി, മറ്റ് അനുബന്ധ മേഖലകൾ എന്നിവയ്ക്കൊപ്പം വ്യവസായ വാണിജ്യ വകുപ്പിന് കീഴിലാണ് എഐ വകുപ്പ് വരുന്നത്. മേയ് 20-ന് പുറത്തിറങ്ങിയ സംസ്ഥാന ഗസറ്റ് ഉത്തരവ് പ്രകാരം പി.കെ. കുഞ്ഞാലിക്കുട്ടിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. പക്ഷേ, വകുപ്പ് ഇപ്പോഴും ശൈശവാവസ്ഥയിലാണ്. വകുപ്പ് രൂപീകരിച്ചെങ്കിലും കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല.
അതേസമയം സംസ്ഥാനത്ത് എഐ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണ്. സംസ്ഥാനത്തെ നാലോളം ക്യാമ്പസുകളിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ എഐ ഉപയോഗിച്ച് മോർഫ് ചെയ്ത സംഭവങ്ങളുണ്ടായി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വളർച്ച ദൈനംദിന ജീവിതത്തിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ, ഇതിന്റെ തെറ്റായ ഉപയോഗം സമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച്,
കൗമാരക്കാരും യുവാക്കളും എഐ ടൂളുകൾ ഉപയോഗിച്ച് മറ്റുള്ളവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാജ ദൃശ്യങ്ങൾ നിർമിക്കുന്ന സംഭവങ്ങൾ ഇന്ന് വർധിച്ചുവരുന്നു.
സോഷ്യൽ മീഡിയയിൽ ലഭ്യമായ സാധാരണ ചിത്രങ്ങൾ ഉപയോഗിച്ച് എഐ സാങ്കേതികവിദ്യയിലൂടെ നിമിഷനേരം കൊണ്ട് വ്യാജ ചിത്രങ്ങളും വീഡിയോകളും നിർമിക്കാൻ സാധിക്കുന്നു.
ഇവ തമാശയ്ക്കായോ പ്രതികാരബുദ്ധിയോടെയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇന്ന് സോഷ്യൽ മീഡിയ താരങ്ങൾ മുതൽ നടിമാരുടെ വരെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
ഇത് വ്യക്തികളുടെ മാനഹാനിക്കും കടുത്ത മാനസികസമ്മർദത്തിനും കാരണമാകുന്നുണ്ട്. ഡിജിറ്റൽ ഇടങ്ങളിൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ ശിക്ഷാർഹമായ കുറ്റമാണെന്ന് പല യുവാക്കളും തിരിച്ചറിയുന്നില്ല.
ഇതോടൊപ്പം എഐ ഉപയോഗിച്ചുള്ള മറ്റ് കുറ്റകൃത്യങ്ങളും സംസ്ഥാനത്ത് അരങ്ങേറുന്നുണ്ട്.
നിലവിൽ ഇത്തരം കേസുകൾ സൈബർ പോലീസാണ് കൈകാര്യം ചെയ്യുന്നത്.
പുതുതായി രൂപീകരിച്ച എഐ വകുപ്പ് സജീവമാക്കുകയും എഐ ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കാൻ വകുപ്പിനെ സജ്ജമാക്കുകയും വേണം. ഇതിനായുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് സൈബർ വിദഗ്ധരുടെ പ്രതീക്ഷ.