ഒമ്പത് മക്കളെ വളര്‍ത്തി, വാര്‍ധക്യം വരെ സ്‌നേഹത്തോടെ ജീവിച്ചുതീര്‍ത്ത സ്പാനിഷ് ദമ്പതിമാര്‍ ഇപ്പോള്‍ വിശുദ്ധ പദവിയിലേക്കുള്ള പാതയില്‍

 
TOMAS

വിശുദ്ധി സന്യാസികള്‍ക്കോ വൈദികര്‍ക്കോ മാത്രം അവകാശപ്പെട്ടതാണെന്ന പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുകയാണ് വത്തിക്കാന്‍. സാധാരണ കുടുംബജീവിതം നയിച്ച്, ഒമ്പത് മക്കളെ വളര്‍ത്തി, വാര്‍ധക്യം വരെ സ്‌നേഹത്തോടെ ജീവിച്ചുതീര്‍ത്ത സ്പാനിഷ് ദമ്പതിമാരായ തോമസ് അല്‍വിറയും പക്വിറ്റ അല്‍വിറയും ഇപ്പോള്‍ വിശുദ്ധ പദവിയിലേക്കുള്ള പാതയിലാണ്.

ഇരുവരുടെയും ജീവിതരേഖകളും ഔദ്യോഗിക ജീവചരിത്രവും വിശുദ്ധരുടെ നാമകരണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പുനഃപരിശോധനക്കായി സ്വീകരിച്ചു കഴിഞ്ഞു. 1990-കളില്‍ അന്തരിച്ച ഈ ദമ്പതിമാര്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടാല്‍, അത് ആധുനിക കുടുംബങ്ങള്‍ക്ക് വലിയൊരു പ്രചോദനമാകും.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്പെയിനില്‍ ജനിച്ച തോമസും പക്വിറ്റയും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ ഭീതിജനകമായ കാലഘട്ടത്തിനു ശേഷമാണ് സരഗോസയില്‍ വച്ച് വിവാഹിതരാകുന്നത്. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ക്രൈസ്തവര്‍ കടുത്ത പീഡനങ്ങള്‍ നേരിട്ടപ്പോള്‍, ഓപസ് ദേയിയുടെ  സ്ഥാപകനായ വിശുദ്ധ ഹൊസെമരിയ എസ്‌ക്രിവയ്ക്കൊപ്പം നടന്ന് രക്ഷപ്പെട്ടവരില്‍ തോമസും ഉണ്ടായിരുന്നു.

വിവാഹശേഷം മഡ്രിഡില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ക്ക് ഒമ്പത് മക്കളുണ്ടായി. നിത്യജീവിതത്തിലെ സാധാരണ ജോലികളും കുടുംബ ഉത്തരവാദിത്തങ്ങളും ദൈവത്തോടുള്ള ഭക്തിയോടെ നിര്‍വഹിക്കുക എന്ന ഓപസ് ദേയി പ്രസ്ഥാനത്തിന്റെ ആത്മീയത ഇരുവരും ജീവിതത്തില്‍ പകര്‍ത്തി.


വര്‍ഷങ്ങള്‍ കടന്നുപോയിട്ടും മാഞ്ഞുപോകാത്ത ഇവരുടെ ദാമ്പത്യബന്ധം അയല്‍പക്കക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ഭുതമായിരുന്നു. ഇവരുടെ മകനായ റാഫേല്‍ അല്‍വിറ താന്‍ കേട്ട ഒരു അനുഭവം പങ്കുവയ്ക്കുന്നു: ''എന്റെ മാതാപിതാക്കള്‍ ജീവിതാവസാനം വരെ ഒരേ തീവ്രതയോടെ സ്‌നേഹിച്ചിരുന്നു. തെരുവിലൂടെ എന്റെ അപ്പനും അമ്മയും കൈകോര്‍ത്തു നടക്കുന്നത് കാണുമ്പോള്‍, അവര്‍ പ്രണയിച്ചു നടന്ന കാലത്തെപ്പോലെ തന്നെ ഇപ്പോഴും സ്‌നേഹിക്കുന്നു എന്നത് വലിയ അസൂയയോടെയാണ് നോക്കിക്കണ്ടിരുന്നതെന്ന് എന്റെ സഹോദരിയുടെ ഒരു കൂട്ടുകാരി ഒരിക്കല്‍ പറയുകയുണ്ടായി.''

മക്കളെ വളര്‍ത്തുന്നതില്‍ അടിച്ചേല്‍പ്പിക്കലുകള്‍ക്ക് സ്ഥാനമില്ലായിരുന്നു. പ്രാര്‍ഥനയെയും വിശ്വാസത്തെയും സ്നേഹത്തോടെ സമീപിക്കാന്‍ അവര്‍ മക്കളെ പഠിപ്പിച്ചു. ദിവസവും വൈകുന്നേരങ്ങളില്‍ വീട്ടില്‍ ജപമാല പ്രാര്‍ഥനയുണ്ടായിരുന്നു. എന്നാല്‍ കുട്ടികളെ അത് ചൊല്ലാന്‍ ഒരിക്കലും നിര്‍ബന്ധിച്ചില്ല. മാതാപിതാക്കള്‍ ഭക്തിയോടെ പ്രാര്‍ഥിക്കുന്നത് കണ്ട് മക്കള്‍ സ്വയം അതില്‍ പങ്കുചേരുകയായിരുന്നു.
 

Tags

Share this story

From Around the Web